"മക്കളായാൽ ഇങ്ങനെ വേണം," ദേശീയ നീന്തലിൽ ഏഴുമെഡൽ നേടിയ നടൻ മാധവൻ്റെ മകൻ വേദാന്തിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡൽ വാരിക്കൂട്ടിയ നടൻ മാധവൻ്റെ മകൻ വേദാന്തിനെ പുകഴ്ത്തി സോഷ്യൽ മീഡിയ. മക്കളായാൽ ഇങ്ങനെ വേണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വാർത്ത പങ്കുവെച്ചവരുടെ പ്രതികരണം. ചിലരുടെ മക്കൾ മയക്കുമരുന്ന് കേസിൽ കുടുങ്ങി ജയിലിൽ കിടക്കുമ്പോൾ മറ്റു ചിലരുടെ മക്കൾ നീന്തൽക്കുളത്തിൽ നിന്ന് മെഡലുകൾ വാരിയെടുക്കുകയാണ്. ബെംഗളൂരുവിൽ നടന്ന 47-ാമത് നാഷണൽ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് വേദാന്തിന് ലഭിച്ചത്.

രണ്ടുമാസം മുമ്പാണ് വേദാന്തിൻ്റെ 16-ാം പിറന്നാൾ ആഘോഷിച്ചത്. ചാമ്പ്യൻഷിപ്പിലെ വിജയത്തിനു പിന്നാലെ മകനെ അഭിനന്ദിച്ച് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ തോതിൽ ശ്രദ്ധയാകർഷിച്ചിരുന്നു. എല്ലാത്തിലും തന്നെ മറിമടക്കുകയാണ് മകൻ എന്നാണ് താരം കുറിപ്പിൽ പറഞ്ഞത്. തന്നെ അസൂയപ്പെടുത്തുന്ന മികവാണ് അവൻ പ്രദർശിപ്പിക്കുന്നത്. അഭിമാനം കൊണ്ട് മനസ്സും ഹൃദയവും നിറയുകയാണ്. താൻ ഒരു അനുഗ്രഹീതനായ പിതാവാണെന്നും മകനിൽനിന്നും തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും മാധവൻ പറഞ്ഞു. ഞങ്ങൾ നിനക്ക് നൽകിയതിനേക്കാൾ മെച്ചപ്പെട്ട ഒരു ലോകം നിർമിക്കാൻ നിനക്കാവട്ടേ എന്ന് ആശംസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

മലയാള ചലച്ചിത്രം 'ചാർളി' യുടെ റീമേക്കായ 'മാര'യാണ് മാധവൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. നമ്പി നാരായണൻ്റെ കഥ പറയുന്ന 'റോക്കറ്റ്റി: ദി നമ്പി ഇഫക്റ്റ് ' ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Related Posts