നരകയറിയ മുടി മറച്ചുവെയ്ക്കാതെ ആത്മവിശ്വാസത്തോടെ പുഞ്ചിരി തൂകി സമീറ റെഡ്ഡി.
പ്രായം മറച്ചുവെയ്ക്കാൻ പരമാവധി ശ്രമിക്കുന്നവരാണ് സെലിബ്രിറ്റികൾ. സിനിമാ താരങ്ങളാണ് അതിൽ മുൻപന്തിയിലുള്ളത്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രത്യക്ഷത്തിൽ പ്രായം തോന്നാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
അറുപതുകളിലും എഴുപതുകളിലും എത്തിയവർവരെ ഡൈ ചെയ്തും മുഖം മിനുക്കിയും പ്രായത്തെ മറച്ചുവെയ്ക്കാൻ പണിപ്പെടുമ്പോൾ യഥാർഥ രൂപത്തിൽ ഡൈ പോലും ചെയ്യാതെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ അസാമാന്യമായ ധൈര്യവും ചങ്കൂറ്റവും വേണ്ടിവരും. അത്തരത്തിൽ അത്ഭുതകരമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അഭിനേത്രിയാണ് സമീറ റെഡ്ഡി.
നരകയറിയ മുടി ഡൈ ചെയ്ത് കറുപ്പിക്കാതെ, ഒട്ടും മേക്കപ്പിടാതെ അവർ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നു. എന്തുകൊണ്ട് താൻ ഡൈ ചെയ്യുന്നില്ല എന്നതിന് ഒരു വിശദീകരണം കൂടി നൽകിക്കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ സമീറ ഇന്നൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
താൻ എന്തുകൊണ്ട് മുടി കറുപ്പിക്കുന്നില്ല എന്ന പിതാവിൻ്റെ ആശങ്കയെ പറ്റിയാണ് പുതിയ പോസ്റ്റിൽ താരം പറയുന്നത്. ആളുകൾ തന്നെ ജഡ്ജ് ചെയ്യുന്നതിനെ പറ്റി അച്ഛന് ആശങ്കയുണ്ട്. ആളുകൾ എന്തും പറയട്ടെ എന്നായിരുന്നു തൻ്റെ മറുപടി. നര കറുപ്പിച്ചില്ലെങ്കിൽ സുന്ദരിയാവില്ല എന്നുണ്ടോ? ആകർഷണീയത കുറഞ്ഞു പോകുമെന്നുണ്ടോ? അതേപ്പറ്റിയൊന്നും തനിക്ക് ആശങ്കകളില്ല. പിതാവിനോടും അതു തന്നെയാണ് പറഞ്ഞത്.
മുമ്പൊക്കെ അത്തരം ആശങ്കകൾ ഉണ്ടായിരുന്നതായി 43 വയസ്സുള്ള സമീറ സമ്മതിക്കുന്നു. രണ്ടാഴ്‌ച കൂടുമ്പോൾ മുടി കറുപ്പിക്കുമായിരുന്നു. ചെറിയൊരു നര പോലും ആളുകളിൽ നിന്ന് മറച്ചുവെയ്ക്കുമായിരുന്നു. ഇന്ന് തനിക്ക് അത്തരം ആശങ്കകളില്ല. എപ്പോഴാണോ മുടി കറുപ്പിക്കാൻ തോന്നുന്നത് അപ്പോഴേ അങ്ങിനെ ചെയ്യാറുള്ളൂ.
ചിന്താഗതികളിൽ മാറ്റം വരുത്താൻ താനായിട്ട് എന്തിന് ശ്രമിക്കണം എന്ന തോന്നലാണ് പിതാവിന് ഉള്ളതെന്ന് സമീറ എഴുതുന്നു. പഴഞ്ചൻ ചിന്താഗതികളിൽ മാറ്റം വരണം എന്നാണ് തൻ്റെ പക്ഷം. ഒരു
മാസ്കു കൊണ്ടോ മുഖംമൂടി കൊണ്ടോ ഉണ്ടാവേണ്ടതല്ല ആത്മവിശ്വാസം. അത് അതിൻ്റെ സ്വാഭാവിക വഴികളിൽ നമ്മെ തേടി വരേണ്ടതാണ്.
ദിവസം ചെല്ലുന്തോറും നാം മുന്നോട്ടു നീങ്ങുകയാണ്. മാറ്റങ്ങൾ നമ്മളിൽ വന്നു ചേരുന്നുണ്ട്. അത് അംഗീകരിക്കാനുള്ള മനസ്സാണ് നമുക്ക് ഉണ്ടാവേണ്ടത്. പതിയെ പതിയെ ആണെങ്കിലും മാറ്റങ്ങളെ നാം ഉൾക്കൊള്ളേണ്ടതുണ്ട്. ചെറിയ ചെറിയ കാൽവെപ്പുകളാണ് വിശാലമായ ഇടങ്ങളിലേക്ക് നമ്മെ കൊണ്ടു പോകുന്നത്. പിതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ആശങ്ക തനിക്ക് മനസ്സിലാവും. എങ്കിലും തൻ്റെ മനസ്സ് പറയുന്ന സ്വാതന്ത്ര്യത്തിൻ്റെ വഴികളിലൂടെയാണ് താൻ സഞ്ചരിക്കുന്നത്.
ഇംപെർഫക്റ്റ്ലി പെർഫക്റ്റ്, ആക്സപ്റ്റൻസ്, ഹാപ്പിനെസ്സ്, സെൽഫ് ലവ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് നടി തൻ്റെ കുറിപ്പ് ഷെയർ ചെയ്തിട്ടുള്ളത്. നടിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചും അസാമാന്യമായ തൻ്റേടത്തെ പ്രകീർത്തിച്ചും നിരവധി പേർ പ്രതികരിക്കുന്നുണ്ട്.
'മെയ്നേ ദിൽ തുജ്കോ ദിയ' എന്ന ഹിന്ദി ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിൽ എത്തിയ സമീറ റെഡ്ഡി മലയാളത്തിൽ മോഹൻലാലിൻ്റെ നായികയായി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത 'ഒരു നാൾ വരും' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 'മുസാഫിർ', 'വാരണം ആയിരം', 'ആക്രോശ് ', 'വേട്ടൈ', 'തേസ് ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അക്ഷയ് വാർദേ എന്ന സംരംഭകനാണ് സമീറയുടെ ജീവിത പങ്കാളി. ഒരു മകനും മകളുമുണ്ട്.