മുസിരിസ് ഇനി 'സോളാർ ബോട്ടുകൾ' ഭരിക്കും
കൊടുങ്ങല്ലൂർ: കോട്ടപ്പുറം മുസിരിസ് കായലോരം ഇനി മുതൽ സോളാർ ബോട്ടുകൾ ഭരിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) സൗരോർജ ബോട്ടാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ നടത്തിപ്പിനായി ബോട്ട് കൈമാറി. നേരത്തെ ഇത് സംബന്ധിച്ച് സിയാലും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും തമ്മില്‍ ധാരണയായിരുന്നു. സിയാലിന്റെ ഉപകമ്പനിയായ കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റേതാണ് ബോട്ട്. സംസ്ഥാന സർക്കാരിന് വേണ്ടി ഈ കമ്പനിയാണ് പശ്ചിമ തീര കനാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
15 സോളാര്‍ പാനലുകള്‍ ബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. രാവിലെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വെളിച്ചക്കുറവുണ്ടെങ്കില്‍ വൈദ്യുതി ചാര്‍ജിങ് നടത്താവുന്നതാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 5 മണിക്കൂര്‍ ബോട്ട് ഓടും. 45 സെന്റീ മീറ്റര്‍ മാത്രം ആഴമുള്ള ജലാശയങ്ങളില്‍പ്പോലും യാത്ര സാധ്യമാക്കുന്ന തരത്തിലാണ് ബോട്ടിന്റെ രൂപകല്‍പ്പന.
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വ് കണ്ടുതുടങ്ങിയ സാഹചര്യത്തില്‍, കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ, ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് സിയാലിന്റെ ബോട്ട് മുസിരിസ് പൈതൃക യാത്രാ സര്‍ക്യൂട്ടില്‍ ഉപയോഗിക്കാനായി നല്‍കുന്നത്. ആദ്യഘട്ടത്തിൽ മുസിരിസ് ഹോപ് ഓൺ ഹോപ് ഓഫ് സർവീസിൽ ഉൾപ്പെടുത്തി മുസിരിസ് യാത്രാ സർക്യൂട്ടിൽ ഒരാഴ്ച ട്രയൽ റൺ നടത്തും. ട്രയൽ റണ്ണിന്റെ അടിസ്ഥാനത്തിലാണ് ബോട്ടിന്റെ സർവീസ് ഘടന എങ്ങനെ വേണമെന്ന് തീരുമാനിക്കുകയെന്ന് മുസിരിസ്പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു.
കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ നടന്ന ചടങ്ങിൽ സിയാൽ ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് കുമാർ മുസിരിസ് മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിന് ബോട്ട് ഔദ്യോഗികമായി കൈമാറി. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ സജ്‌ന വസന്ത് രാജ്, ജൂനിയർ എക്സിക്യൂട്ടീവുമാരായ അഖിൽ എസ് ഭദ്രൻ, ഹരൻ ദത്ത്, ബിന്ദു പി ഡി എന്നിവർ സന്നിഹിതരായി.