എങ്ങിനെയെങ്കിലും യുദ്ധം ഒന്നവസാനിക്കണം, സ്‌കൂളിൽ പോകണം; ബഷ്താങ്ക അഭയാർഥി കേന്ദ്രത്തിലെ ഉക്രേനിയൻ പെൺകുട്ടിയുടെ സ്വപ്നം

യുദ്ധം എങ്ങിനെയെങ്കിലും അവസാനിച്ചാൽ മതിയെന്നും സ്കൂളിൽ പോകണമെന്നും ആഗ്രഹം പ്രകടിപ്പിച്ച് ഒരു ഉക്രേനിയൻ പെൺകുട്ടി. ബഷ്താങ്ക അഭയാർഥി കേന്ദ്രത്തിൽ നിന്നുള്ള അനസ്താസിയ എന്ന ഉക്രേനിയൻ പെൺകുട്ടിയാണ് എങ്ങിനെയെങ്കിലും ഈ യുദ്ധമൊന്ന് അവസാനിച്ചു കിട്ടണേ എന്ന കണ്ണീരണിഞ്ഞ പ്രാർഥനയോടെ അഭയാർഥി കേന്ദ്രത്തിലെ കുടുസ്സു മുറിയിൽ കഴിയുന്നത്.

നൂറുകണക്കിന് ആളുകളാണ് ബഷ്താങ്ക കേന്ദ്രത്തിൽ അനിശ്ചിത കാലമായി കഴിയുന്നത്. യുദ്ധം എന്ന് തീരുമെന്നോ തങ്ങൾ എന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നോ അവർക്കറിയില്ല. മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി ഒരുറപ്പുമില്ല. സ്വപ്നങ്ങൾ ശിഥിലമായിരിക്കുന്നു. ചുറ്റുമുള്ളത് നിരന്തരമായ വെടിയൊച്ചയും നിലയ്ക്കാത്ത ബോംബ് സ്ഫോടനങ്ങളും. ഷെല്ലാക്രമണങ്ങളിൽ ചിതറിപ്പോവുന്നവരുടെ നിലവിളികൾ ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കാം.

ഉക്രയ്‌നെതിരായ റഷ്യൻ ആക്രമണത്തെത്തുടർന്ന് അഭയാർഥികൾ ആക്കപ്പെടുകയും ജീവിതം തലകീഴായി മറിയുകയും ചെയ്ത ആയിരക്കണക്കിന് കുട്ടികളിൽ ഒരാളാണ് ഈ പെൺകുട്ടിയും. അമ്മയ്ക്കൊപ്പമാണ് അനസ്താസിയ ബഷ്താങ്കയിലെ അഭയാർഥി കേന്ദ്രത്തിൽ എത്തിപ്പെടുന്നത്. യുദ്ധത്തിന്റെ ഭീകരതയെ അവൾ എപ്പോഴും ഓർത്തെടുക്കുന്നു. ദുഃസ്വപ്നങ്ങൾ കണ്ട് ഉറക്കത്തിൽ നിന്ന് ഇടയ്ക്കിടെ ഞെട്ടിയുണരുന്നു.

എല്ലായിടത്തും കാണുന്നത് ടാങ്കുകളും ട്രക്കുകളുമാണ്. എനിക്ക് യുദ്ധം വേണ്ട, പഴയതുപോലെ കൂട്ടുകാർക്കൊപ്പം സ്കൂളിൽ പോകണം. തന്നെ സമീപിച്ച വിദേശ മാധ്യമ പ്രവർത്തകരോട് വിഷാദം മുറ്റിനിന്ന മുഖഭാവത്തോടെ അനസ്താസിയ പറഞ്ഞു.

ഉക്രയ്നിലെ മൈക്കോളൈവ് ഒബ്ലാസ്റ്റിലാണ് അനസ്താസിയ ഉൾപ്പെടെ നൂറുകണക്കിന് ഉക്രയ്ൻ കുട്ടികൾ കഴിയുന്ന അഭയാർഥി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ കനത്ത ആക്രമണത്തിന് നടുവിലാണ് കേന്ദ്രമുള്ളത്. മൈക്കോളൈവിൽ നിന്ന് 60 കിലോമീറ്റർ കിഴക്കുള്ള റഷ്യൻ നിയന്ത്രണത്തിലുള്ള സ്നിഹുറിവ്ക പട്ടണത്തിൽനിന്ന് അവിടേക്ക് അഭയാർഥികളെ നിരന്തരം കൊണ്ടുവരുന്നുണ്ട്.

Related Posts