"നീയും നാനും സേർന്തേ സെല്ലും നേരമേ" പാട്ടുപാടി ആരാധകരെ കൈയിലെടുത്ത് പ്രാർഥനാ ഇന്ദ്രജിത്ത്
''നീയും നാനും സേർന്തേ സെല്ലും നേരമേ, നീലം കൂട വാനിൽ ഇല്ലൈ, എങ്കും വെള്ളൈ മേഘമേ" എന്ന വരികൾ മൂളാത്ത പ്രണയിനികളുണ്ടാവില്ല ന്യൂ ജനറേഷനിൽ. അത്രയേറെ ജനപ്രീതിയാർജിച്ച തമിഴ് പ്രണയ ഗാനമാണ് നീയും നാനും. നയൻതാരയും വിജയ് സേതുപതിയും നായികാ നായകൻമാരായി അഭിനയിച്ച 'നാനും റൗഡി താൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മെഗാഹിറ്റായ ഗാനത്തിൻ്റെ കവർ പാടി ആരാധകരെ കൈയിലെടുക്കുകയാണ് പ്രാർഥനാ ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിൻ്റെയും, അഭിനേത്രിയും അവതാരകയും മോഡലുമായ പൂർണിമ ഇന്ദ്രജിത്തിൻ്റെയും മകളാണ് പ്രാർഥന.
പ്രാർഥനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ഒട്ടേറെ ആരാധകരുണ്ട്. നീയും നാനും ആരാധകർക്ക് ഇഷ്ടമായെന്ന് പ്രതികരണങ്ങൾ തെളിയിക്കുന്നു. ഗിറ്റാറിൽ ശ്രുതിയിട്ട് മനോഹരമായ ശബ്ദത്തിലാണ് പ്രാർഥനയുടെ ഗാനാലാപനം.
നയൻതാരയുടെ പങ്കാളി വിഘ്നേഷ് ശിവനാണ് നാനും റൗഡി താൻ എന്ന ചിത്രത്തിൻ്റെ സംവിധായകൻ. നടൻ ധനുഷാണ് ചിത്രം നിർമിച്ചത്. താമരൈ രചിച്ച മെലഡി തുളുമ്പുന്ന വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. നീതി മോഹനും അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആറുവർഷം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇപ്പോഴും ഹിറ്റ് ചാർട്ടുകളിൽ മുൻപന്തിയിലാണ്.