സി ബി എസ് ഇ 10-ാം ക്ലാസ് ചോദ്യപേപ്പറിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ, വിഷയം പാർലമെൻ്റിൽ ഉന്നയിച്ച് സോണിയാ ഗാന്ധി
കഴിഞ്ഞയാഴ്ചത്തെ സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷാ ചോദ്യപേപ്പറിൽ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് സി ബി എസ് ഇ മാപ്പ് പറയണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. പാഠ്യപദ്ധതിയിലെ ലിംഗ അവബോധ നിലവാരം പുനരവലോകനം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഒട്ടനവധി സാമൂഹ്യ, ഗാർഹിക പ്രശ്നങ്ങൾക്ക് കാരണം സ്ത്രീകൾ സ്വതന്ത്രരായതാണ്, കുട്ടികളും വീട്ടുവേലക്കാരും അച്ചടക്കമില്ലാത്തവരായി മാറുന്നതിന് കാരണം ഭാര്യമാർ ഭർത്താക്കന്മാരെ വകവെയ്ക്കാത്തതാണ് തുടങ്ങി നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഇത്തവണത്തെ സി ബി എസ് ഇ 10-ാം ക്ലാസ് ചോദ്യപേപ്പറിൽ കടന്നു കൂടിയിരിക്കുന്നത്.
വിവാദങ്ങളെ തുടർന്ന് പ്രസ്തുത ചോദ്യം ഒഴിവാക്കാനും മുഴുവൻ കുട്ടികൾക്കും ആ ചോദ്യത്തിന് ഫുൾ മാർക്ക് നൽകാനും സി ബി എസ് ഇ തീരുമാനിച്ചിട്ടുണ്ട്.