വിരാട് കോലി സെഞ്ച്വറി അടിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ മോൺ മോർക്കൽ
മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയിൽ വിരാട് കോലി സെഞ്ച്വറി അടിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം മോൺ മോർക്കൽ. രണ്ടു വർഷത്തിൽ ഏറെയായി വിരാട് കോലി നൂറ് തികച്ചിട്ട്. കോലിയുടെ സെഞ്ച്വറി ക്ഷാമം തീർക്കാനുള്ള അവസരമാണ് ഇത്തവണ ഒരുങ്ങുന്നതെന്ന് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മോർക്കൽ പറഞ്ഞു.
"വിരാട് കോലി ഇത്തവണ തീർച്ചയായും സെഞ്ച്വറി നേടും. ഇവിടത്തെ രണ്ട് പിച്ചിലും ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. കേപ്ടൗൺ അതിലൊന്നാണ്. ന്യൂലാൻഡ്‌സിൽ കളിക്കുന്നത് ഇഷ്ടമാണെന്ന് മുമ്പ് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട് ," ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ താരം മൂന്നക്കം തികയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മോർക്കൽ പറഞ്ഞു.
ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിച്ചപ്പോൾ, 5-1 ന് കോലി ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.