ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു; ലോക്കോപൈലറ്റ് മലയാളി
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിൽ ഫ്ളാഗ് ഓഫ് ചെയ്തു. ബംഗളൂരുവിലെ കെഎസ്‌ആർ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ബാംഗ്ലൂർ വഴി ചെന്നൈ-മൈസൂർ റൂട്ടിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന സർവീസ് നടത്തുന്നത് ഒരു മലയാളി ലോക്കോ പൈലറ്റാണ്. കണ്ണൂർ പെരളശ്ശേരി സ്വദേശി സുരേന്ദ്രനാണ് ട്രെയിൻ ഓടിക്കുന്നത്. 33 വർഷത്തെ സേവനമാണ് അദ്ദേഹത്തിനുള്ളത്. ബെംഗളൂരു ഡിവിഷനിലെ ലോക്കോ പൈലറ്റാണ് സുരേന്ദ്രൻ. വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിൻ എല്ലാ പ്രധാന സ്റ്റേഷനുകളിലും നിർത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ ട്രെയിനിൽ കയറ്റാതെ ട്രെയിൻ ചെന്നൈയിലേക്ക് പുറപ്പെട്ടു.