തെക്കൻ കേരളത്തിലെ ആദ്യ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം
കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യ അഗ്നിപഥ് ആർമി റിക്രൂട്ട്മെന്‍റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തുടക്കമായി. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേ, ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ കൊല്ലം കളക്ടർ അഫ്സാന പർവീൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കുവേണ്ടി ജൂൺ 17 മുതൽ 24 വരെ അഗ്നിവീർ റാലി നടക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടാകുക. ആകെ 25,367 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം 2,000 ഉദ്യോഗാർത്ഥികൾ ആദ്യ ദിവസം പങ്കെടുക്കും. ശാരീരിക ക്ഷമതാ പരിശോധന നടത്തുകയും അതിൽ വിജയിക്കുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.