റഷ്യയിലേക്കുള്ള തന്ത്രപ്രധാന കയറ്റുമതി നിരോധിച്ച് ദക്ഷിണ കൊറിയ
റഷ്യയിലേക്കുള്ള തന്ത്രപ്രധാന കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി ദക്ഷിണ കൊറിയ. സ്വിഫ്റ്റ് ഗ്ലോബൽ പേമെൻ്റ് നെറ്റ് വർക്കിൽ നിന്നും രാജ്യം റഷ്യയെ ഒഴിവാക്കിയിട്ടുണ്ട്. സഖ്യകക്ഷികളിലും പങ്കാളികളിലും സ്വാധീനം ചെലുത്തി റഷ്യയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ തന്ത്രങ്ങൾ വിജയം കൈവരിക്കുന്നതിൻ്റെ സൂചനകളാണ് ദിവസം ചെല്ലുന്തോറും പുറത്തു വരുന്നത്.
ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് ( എൻ എസ് ജി), ദി വാസനാർ എഗ്രിമെൻ്റ് (ഡബ്ല്യു എ), ദി ഓസ്ട്രേലിയ ഗ്രൂപ്പ് (എ ജി), മിസൈൽ ടെക്നോളജി കൺട്രോൾ റഷിം (എം ടി സി ആർ) എന്നിവയുടെ നിയന്ത്രണങ്ങൾ പ്രകാരമുള്ള വസ്തുക്കളുടെ കയറ്റുമതിയാണ് ദക്ഷിണ കൊറിയ നിരോധിച്ചത്.
200-ഓളം രാജ്യങ്ങളിലെ 11,000 ബാങ്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സുശക്തമായ സാമ്പത്തിക ശൃംഖലയാണ് സ്വിഫ്റ്റ്. സ്വിഫ്റ്റിൽ നിന്നുള്ള പുറന്തള്ളൽ റഷ്യൻ സാമ്പത്തിക ഇടപാടുകളെ കാര്യമായി ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.