നാട്ടു നാട്ടു'വിന് ചുവടുവെച്ച് ദക്ഷിണകൊറിയന്‍ എംബസി; വൈറലായി വീഡിയോ, പ്രശംസിച്ച് പ്രധാനമന്ത്രി
ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി ഉദ്യോഗസ്ഥർ. ഇതിനകം തന്നെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എംബസി അധികൃതരാണ് വീഡിയോ ട്വീറ്റ് ചെയ്തത്. കൊറിയൻ എംബസി ഓഫീസിന് മുന്നിലും പൂന്തോട്ടത്തിലുമാണ് വീഡിയോ ചിത്രീകരിച്ചത്. ഇതുവരെ 4.4 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. 'മനോഹരമായ, ജീവസ്സുറ്റ കൂട്ടായ പ്രവര്‍ത്തനം' എന്ന ക്യാപ്ഷനോടെ എംബസി അംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ വീഡിയോ പങ്കിട്ടു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും കൊറിയൻ എംബസി ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.