ആട് തോമയുടെ രണ്ടാം വരവ്; സ്ഫടികം 4കെ ടീസര്‍ പങ്കുവച്ച് നിർമ്മാതാക്കൾ
എക്കാലവും മലയാളികൾ ഓർമ്മിക്കുന്ന മാസ് കഥാപാത്രമാണ് ആട് തോമ. തലമുറ ഭേദമന്യേ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സ്ഫടികത്തിലെ നായകൻ. 28 വർഷങ്ങൾക്ക് ശേഷം സ്ഫടികം 4കെ ഡോൾബി അറ്റ്മോസിന്റെ സാങ്കേതിക മികവോടെ തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ടീസർ പുറത്തിറക്കി. പുതിയ സാങ്കേതിക വിദ്യകളുടെ മികവോടെയാണ് ചിത്രം എത്തുന്നതെന്ന് സ്ഥിരീകരിക്കുന്നതാണ് ടീസർ. മോഹൻ ലാലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. തിലകൻ, രാജൻ പി ദേവ്, ഉർവശി, ചിപ്പി, കെപിഎസി ലളിത, എൻഎഫ് വർഗീസ്, സിൽക്ക് സ്മിത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. ചാക്കോ മാഷായി തിലകനും തോമാച്ചായനായി മോഹൻ ലാലും അഭിനയിച്ച ഈ ചിത്രം നിരവധി വൈകാരിക മുഹൂർത്തങ്ങളും സ്നേഹ ബന്ധങ്ങളുടെ ഊഷ്മളതയും മലയാളികൾക്ക് നൽകിയിരുന്നു. ഫെബ്രുവരി 9ന് കേരളത്തിൽ 150ലധികം തിയേറ്ററുകളിലും ലോകമെമ്പാടുമായി അഞ്ഞൂറിലധികം തിയേറ്ററുകളിലും 'സ്ഫടികം' റിലീസ് ചെയ്യും. 1995 ൽ ഭദ്രൻ ഒരുക്കിയ ചിത്രമാണ് സ്ഫടികം. നിരവധി ഫൈറ്റ് സീനുകൾ ഉള്ള സ്ഫടികം ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും ചേർത്താണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.