റെക്കോഡ് നേട്ടം കൈവരിച്ച് സ്‍ഫടികം; മുടക്കുമുതൽ തിരിച്ചുപിടിച്ചു
28 വർഷങ്ങൾക്ക് ശേഷം റീമാസ്റ്റർ ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് സ്ഫടികം. റിലീസ് ദിവസം മോഹൻലാൽ ആരാധകർ തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോൾ തുടർന്നുള്ള ദിവസങ്ങളിൽ കുടുംബപ്രേക്ഷകരും തിയേറ്ററുകളിലെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു സ്ഫടികം. ആദ്യ ആറ് ദിവസത്തിനുള്ളിൽ തന്നെ ചിത്രം തിയേറ്ററുകളിൽ നിന്നും റെക്കോഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റീമാസ്റ്ററിംഗിനു മാത്രം രണ്ട് കോടി രൂപയായിരുന്നു സിനിമയുടെ ചെലവ്. എന്നാൽ പരസ്യവും സാറ്റലൈറ്റ് സർവീസ് പ്രൊവൈഡർക്ക് നൽകേണ്ട തുകയും ഉൾപ്പെടെ ചിത്രത്തിന് മൂന്ന് കോടിയിലധികം രൂപ ചെലവായതായാണ് വിവരം. ഈ തുക തിയേറ്ററുകളിൽ നിന്ന് തന്നെ വീണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രം റിലീസ് ചെയ്ത 160 സ്ക്രീനുകളിൽ ആദ്യ നാല് ദിവസം കൊണ്ട് ചിത്രം നേടിയത് മൂന്ന് കോടിയിലധികം രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിലും വിദേശ വിപണികളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.