അന്തിമ വോട്ടർ പട്ടിക ജനുവരി 5ന്
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 : രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഒക്ടോബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കിയ ശേഷം 2024 ജനുവരി 5ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയുടെ പ്രസിദ്ധീകരണത്തോടൊപ്പം ബൂത്തുകളുടെ പുനക്രമീകരണവും നടത്തും. ഇതിൻറെ ഭാഗമായി ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പരിശോധന നടത്തിയതായി കലക്ടർ അറിയിച്ചു.
എല്ലാ ബൂത്തുകളിലും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണമെന്ന് കലക്ടർ നിർദ്ദേശം നൽകി. ബൂത്ത് ലെവൽ ഓഫീസർമാരുടെ ഗൃഹസന്ദർശനം, പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ 2024 ൻ്റെ ഭാഗമായുള്ള പ്രത്യേക ക്യാമ്പുകൾ എന്നിവയിൽ ബൂത്ത് ലെവൽ ഏജൻറുമാരുടെ സേവനം ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. ബൂത്തിലെ പുതിയ വോട്ടർമാരെ കണ്ടെത്തി ബൂത്ത് ലെവൽ ഓഫീസറെ അറിയിക്കുന്നതിനും മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ തുടങ്ങി വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യേണ്ടവരുടെ വിവരം ബൂത്ത് ലെവൽ ഓഫീസറെ അറിയിക്കുന്നതിനും വേണ്ടി ബൂത്ത് ലെവൽ ഏജന്റുമാർ പ്രവർത്തിക്കണമെന്നും കലക്ടർ നിർദേശിച്ചു. ജില്ലാ താലൂക്ക് നിയമസഭാ മണ്ഡല തലത്തിൽ തുടർയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. പൊതുജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, പേര് ഒഴിവാക്കൽ, തിരുത്തൽ തുടങ്ങിയ അപേക്ഷകൾ voters.eci.gov.in എന്ന വെബ് സൈറ്റ് വഴിയോ വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് (വിഎച്ച്എ) വഴിയോ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ പൊതുജനങ്ങൾക്ക് വേണ്ട സഹായം നൽകുന്നതിന് ജില്ല, താലൂക്ക്, ഇലക്ഷൻ വിഭാഗത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി (ഇലക്ഷൻ) വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി പ്രദീപ് കുമാർ, കെ വി ദാസൻ, കെ പി ഉണ്ണിരാജ്, ബി ശശിധരൻ, ടി ടി ആന്റണി, റാഫേൽ ടോണി, സി ടി ജോഫി, കെ സി ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.