മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടര്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജിന്‍റെ പ്രത്യേക ചുമതല
തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയെക്കുറിച്ച് പരാതികൾ കൂടിയതോടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് ആശുപത്രിയുടെ പ്രത്യേക ചുമതല നൽകാൻ തീരുമാനം. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനാണ് നിർദ്ദേശം. മെഡിക്കൽ കോളേജ് ആശുപത്രിയെക്കുറിച്ചുള്ള പരാതികളെ തുടർന്ന് അന്വേഷണം നടക്കുകയാണ്. ഇതിനുപുറമെയാണ്, ഏകോപന ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് നല്‍കിയത്. പ്രസവത്തെ തുടർന്ന് നവജാത ശിശുവിന്‍റെ മരണവും പിന്നാലെ അമ്മയുടെ മരണവും ഏറെ പരാതികൾക്ക് ഇടയാക്കിയിരുന്നു. മുതിർന്ന ഡോക്ടർമാരില്ലാതെയാണ് പ്രസവ ശസ്ത്രക്രിയ നടത്തിയതെന്നും ആരോപണമുയർന്നിരുന്നു. തുടക്കം മുതൽ രോഗിയെ പരിചരിച്ചിരുന്ന സീനിയർ ഡോക്ടറോട് അവധിയിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.