ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ
കൊച്ചി: ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ ആരംഭിച്ചു. ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു. സിയാൽ എം ഡി എസ് സുഹാസ് ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ എ സി കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ എം ഷബീർ, ഓപ്പറേഷൻസ് ജനറൽ മാനേജർ സി ദിനേശ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ജി കൃഷ്ണകുമാർ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ധനലക്ഷ്മി ബാങ്ക് ആണ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. സന്നിധാനത്ത് നിന്നും ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങൾക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകൾ കൗണ്ടറുകളിൽ നിന്ന് വാങ്ങാവുന്നതാണ്. തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും കൗണ്ടറിൽ നിന്ന് ലഭിക്കും.