ജില്ലയിൽ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്.

കൊവിഡിനെതിരെ പോരാടാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്.

തൃശൂർ:

കൊവിഡിനെതിരെ പോരാടാന്‍ ജില്ലക്ക് കാവലായ് എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചുണക്കുട്ടികള്‍. പ്രത്യേക കര്‍മ്മസേന അഥവാ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന നിലയിലാണ് ഇവര്‍ കൊവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. കലക്ടറേറ്റില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സജ്ജമാക്കിയ ഓക്‌സിജന്‍ വാര്‍ റൂമിലും കൊവിഡ് വാര്‍ റൂമിലുമാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സേനയുടെ പ്രവര്‍ത്തനം. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രതിരോധം പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉണര്‍ന്നിരിക്കുന്നു.

50 പേരുള്ള സംഘത്തില്‍ 10 പേർ പെണ്‍കുട്ടികളാണ്. പ്രളയകാലം മുതല്‍ ജില്ലയിലെ വിവിധ സാമൂഹ്യ സേവന രംഗങ്ങളില്‍ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഏറെ ഉത്സാഹത്തോടെ നിലക്കൊള്ളുന്ന യുവതി യുവാക്കള്ളാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമായി സേവനം നല്‍കി വരുന്നത്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയ്ക്ക് വേണ്ട ഓക്‌സിജന്‍ സിലിണ്ടറുകള്‍ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.

ജില്ലയിലെ ഓക്‌സിജന്‍ സിലിണ്ടര്‍ സംഭരണ കേന്ദ്രമായ തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊണ്ടുവരുന്ന നൂറുകണക്കിന് സിലിണ്ടറുകള്‍ പെയിന്റ് ചെയ്ത് കോഡുകള്‍ നല്‍കുക, സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറയ്ക്കുന്നതിന് മറ്റുള്ള ജില്ലകളിലേക്ക് വാഹനത്തില്‍ കയറ്റി കൊണ്ടു പോവുക, പ്ലാന്റിലെ തൊഴിലാളികളെ സഹായിക്കുക, നിറച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാഹനത്തില്‍ തിരികെ കയറ്റി സംഭരണ കേന്ദ്രത്തില്‍ എത്തിക്കുക, സംഭരണ കേന്ദ്രത്തില്‍ രോഗവ്യാപനം ഇല്ലാതിരിക്കാന്‍ ഇടയ്ക്കിടെ അണുനശീകരണം നടത്തുക, സംഭരണ കേന്ദ്രത്തിലെ മറ്റു ജോലികള്‍ നിര്‍വഹിക്കുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴസ് പങ്കുചേരുന്നത്.

Related Posts