ലാന്‍ഡിങിനിടെ ആടിയുലഞ്ഞ് സ്പൈസ് ജെറ്റ് വിമാനം
മുംബൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ആകാശചുഴിയില്‍പ്പെട്ടതിനു പിന്നാലെയുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ തറയില്‍ ഓക്സിജന്‍ മാസ്‌കുകളും മറ്റ് സാധനങ്ങളും ചിതറിക്കിടക്കുന്നത് കാണാം. ക്യാബില്‍ ബാഗേജുകള്‍ യാത്രക്കാരുടെ മേല്‍ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു.
12 യാത്രക്കാരും മൂന്ന് ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ചിലര്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും തുന്നലിടുകയും ചെയ്തിട്ടുണ്ട്. നട്ടെല്ലിന് പരിക്കേറ്റതായി ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടിട്ടുണ്ട്. ദുര്‍ഗാപൂരില്‍ എത്തിയ ഉടന്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കിയതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
സ്പൈസ് ജെറ്റിന്റെ എസ്ജി 945 വിമാനമാണ് ഞായറാഴ്ച വൈകിട്ട് ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇറങ്ങുന്നതിനിടെ ഈ സംഭവം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിജിസിഎ അറിയിച്ചു. ഡയറക്ടര്‍ (എയര്‍ സേഫ്റ്റി) എച്ച്എന്‍ മിശ്ര അന്വേഷിക്കും.