'നാട്ടു നാട്ടു' ഗാനം ഇഷ്ടമായെന്ന് സ്പിൽബർഗ്; സന്തോഷം പങ്കുവച്ച് രാജമൗലി
ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് രാജമൗലി. എൺപതാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് പ്രഖ്യാപന ചടങ്ങിലാണ് രാജമൗലി സ്പിൽബർഗിനെ കണ്ടുമുട്ടിയത്. ഇതിന്‍റെ ചിത്രം സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. "ഞാൻ ദൈവത്തെ കണ്ടു," കൂടിക്കാഴ്ചയെക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തു. സംഗീത സംവിധായകൻ എം.എം കീരവാണിയും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ തനിക്ക് ഇഷ്ടമാണെന്ന് പറയാനുമുള്ള ഭാഗ്യമുണ്ടായി എന്നും കീരവാണി ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പിൽബർഗ് പറഞ്ഞത് വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിൽ കീരവാണി പറഞ്ഞു. 'നാട്ടു നാട്ടു' എന്ന ഗാനം ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ ആർആർആറിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കീരവാണിയാണ്. ചന്ദ്രബോസിന്‍റെ വരികൾക്ക് രാഹുലും കാല ഭൈരവയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരും 'നാട്ടു നാട്ടു' എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ അവതരിപ്പിച്ചു. സ്പിൽബർഗ് സംവിധാനം ചെയ്ത ദി ഫേബിൾസ്മാന് ഗോൾഡൻ ഗ്ലോബ്സിൽ രണ്ട് അവാർഡുകൾ നേടി. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡുകളായിരുന്നു അവ.