ട്വിറ്ററിന് വെല്ലുവിളിയുയർത്താൻ 'സ്പിൽ'; ആപ്പുമായി എത്തുന്നത് മസ്ക് പുറത്താക്കിയവർ
ശതകോടീശ്വരനായ എലോൺ മസ്ക് ഏറ്റെടുത്തത് മുതൽ ട്വിറ്റർ വലിയ മാറ്റങ്ങൾക്കാണ് വിധേയമാകുന്നത്. പ്രധാന പദവികൾ വഹിച്ചിരുന്നവർ ഉൾപ്പെടെ നിരവധി ജീവനക്കാരെ എലോൺ മസ്ക് പിരിച്ച് വിടുകയും തുടർന്ന് പലരും രാജിവച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, എലോൺ മസ്ക് ട്വിറ്ററിൽ നിന്ന് പുറത്താക്കിയ രണ്ട് പേർ, ട്വിറ്ററിനെ തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ ട്വിറ്ററിന് സമാനമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ നിർമ്മിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. അൽഫോൻസോ ഫോൺസ് ടെറൽ, ഡെവാരിസ് ബ്രൗൺ എന്നിവരെ എലോൺ മസ്ക് നേരത്തെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവർ തയ്യാറാക്കുന്ന ആപ്പിന് 'സ്പിൽ' എന്നാണ് പേര് നൽകിയിരിക്കുന്നത്. 2023 ജനുവരിയിൽ ആപ്പ് പുറത്തിറക്കുമെന്നാണ് വിവരം. നവംബറിൽ ട്വിറ്ററിൽ നടത്തിയ കൂട്ട പിരിച്ചുവിടലിലാണ് ഇരുവർക്കും ജോലി നഷ്ടപ്പെട്ടത്.