പോർച്ചുഗലിനെ കീഴടക്കി ബൽജിയം യൂറോകപ്പ്‌ ഫുട്‌ബോളിൽ ക്വാർട്ടറിൽ കടന്നു.

സെവിയ്യ:

ചാമ്പ്യൻമാരായ പോർച്ചുഗലിനെ 1-0 ന് കീഴടക്കി ബൽജിയം യൂറോകപ്പ്‌ ഫുട്‌ബോളിൽ ക്വാർട്ടറിൽ കടന്നു. ഇടവേളക്ക്‌ പിരിയാൻ മൂന്ന്‌ മിനിറ്റുള്ളപ്പോഴാണ്‌ ബൽജിയത്തിനു വേണ്ടി തോർഗൻ ഹസാർഡ്‌ വിജയഗോൾ നേടിയത്‌. തോമസ്‌ മ്യൂനിയർ ഒരുക്കിയ പന്ത്‌ കാലിൽ കുരുക്കി പെനൽറ്റി ബോക്‌സിന്‌ പുറത്തു നിന്നും എടുത്ത ഷോട്ട്‌ ഗോൾ ആവുകയായിരുന്നു. പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോ നിസ്സഹായനായി.

പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഏറ്റവുമധികം ഗോൾ നേടുന്ന പുരുഷ താരമാവുമോയെന്നതായിരുന്നു കളിയുടെ മറ്റൊരു ആകാംക്ഷ. എന്നാൽ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോളിലേക്ക്‌ ഒഴുകിയ ഫ്രീകിക്ക്‌ ബൽജിയം ഗോളി തട്ടിയകറ്റി. രണ്ട്‌ പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ്‌ റൊണാൾഡോ നൽകിയ പന്ത്‌ ദ്യേഗോ ജോട്ട അടിച്ചത്‌ ബാറിന്‌ മുകളിലേക്കായി. റെനാറ്റോ സാഞ്ചസ്‌ പോർച്ചുഗലിനായി കളം നിറഞ്ഞു കളിച്ചു. ബാറിന്‌ കീഴിൽ ഗംഭീര രക്ഷപ്പെടുത്തലുമായി ഗോളി തിബൗ കുർട്ടോ ബൽജിയത്തെ കാത്തു. 

Related Posts