സ്പോർട്സ് ആയുർവേദ പരിശോധന ക്യാമ്പ് നടന്നു

കോളേജ് കായിക താരങ്ങൾക്കായി സ്പോർട്സ് ആയുർവേദ പരിശോധന ക്യാമ്പ് നടന്നു. ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ കായിക താരങ്ങളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ എന്ന സന്ദേശത്തോടെയുള്ള പദ്ധതിയുടെ ആദ്യപടിയായാണ് പരിപാടി നടന്നത്. ഏഷ്യയിലെ ആദ്യത്തെ സ്പോർട്സ് ആയുർവേദ ആശുപത്രിയായ തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസേർച്ച് [ കിസാർ ]ൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ വിമല കോളേജിൻ്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. കായിക മത്സരത്തിന് മുമ്പും പിമ്പുമുള്ള ആരോഗ്യ പരിരക്ഷ, പരിക്കുകളുടെ ചികിത്സ, കണ്ടീഷനിംഗ് തുടങ്ങിയവയടങ്ങുന്നതാണ് പദ്ധതി. കിസാർ അങ്കണത്തിൽ നടന്ന പരിപാടി സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ഉദ്ഘാടനം ചെയ്തു. കിസാർ സൂപ്രണ്ട് ഡോ. ടി സുധ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, കിസാർ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. റോണിഷ് ജോസ് ചാലക്കൽ, വിമല കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബീന ജോസ്, കായിക വിഭാഗം മേധാവി ഹേമലത, സ്പോർട്സ് ആയുർവേദ റിസേർച്ച് സെൽ കൺവീനർ ഡോ. സുജിത് കെ, കിസാർ അക്കൗണ്ട്സ് ഓഫീസർ ഷൈലജ കെ എന്നിവർ സംസാരിച്ചു.

Related Posts