ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി; നാളെ സർവകക്ഷി യോഗം വിളിക്കുമെന്ന് പ്രസിഡണ്ട്, ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വിറങ്ങലിച്ചു നിൽക്കുന്നതിനിടെ നാളെ സർവകക്ഷി യോഗം വിളിക്കുമെന്ന് പ്രസിഡണ്ട് ഗോതാബയ രാജപക്സെ. പ്രസിഡണ്ടിൻ്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി മുറവിളി കൂട്ടുമ്പോഴാണ് രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയെപ്പറ്റി വിശദീകരിക്കാനും മുന്നോട്ടുള്ള വഴി ആരായാനുമായി സർവകക്ഷി യോഗം വിളിക്കാൻ പ്രസിഡണ്ട് മുന്നോട്ടു വരുന്നത്. എന്നാൽ സർവകക്ഷി യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാർടികൾ അറിയിച്ചു.
വിദേശ നാണയ ശേഖരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിസന്ധിയാണ് വിവരണാതീതമായ ദുരിതങ്ങളിലേക്ക് രാജ്യത്തെ അതിവേഗം തള്ളിവിട്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കൊവിഡ് പ്രതിസന്ധിയും ഇറക്കുമതിയിലെയും കയറ്റുമതിയിലെയും അസന്തുലിതാവസ്ഥയും രാജ്യത്തിൻ്റെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയുടെ തകർച്ചയുമെല്ലാം രാജ്യം അനുഭവിക്കുന്ന ഭീകരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണങ്ങളാണെന്ന് ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഒരു കിലോ അരിക്ക് 448 രൂപയും ഒരു ലിറ്റർ പാലിന് 263 രൂപയും കൊടുക്കേണ്ടി വരുന്ന ദ്വീപ് നിവാസികളുടെ ജീവിതം ദുരിതമയമാണ്. ശ്രീലങ്കയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്തു തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെട്രോളിനും ഡീസലിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പെട്രോൾ പമ്പുകളിൽ വലിയ ആൾക്കൂട്ടമാണ് അനുഭവപ്പെടുന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ പെട്രോൾ പമ്പുകളിൽ പട്ടാളക്കാരെ കാവൽ നിർത്തിയിട്ടുണ്ട്.