ശ്രീധരി പാലം കോണ്‍ക്രീറ്റിംഗ് പ്രവൃത്തി തുടങ്ങി; നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീധരി പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു. നടത്തറ- പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണലിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വരുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമാവുന്നതെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം റവന്യൂ മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.
ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനാവുന്ന ദുര്‍ബലാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തേ പല തവണ പുതിയ പാലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും 2017ലെ ബജറ്റിലാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പാലത്തിന് 10.5 കോടി രൂപ അനുവദിച്ചത്. എന്നാല്‍ 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പാലത്തിന്റെ ഉയരം കൂട്ടലും അനുബന്ധ റോഡ് നിര്‍മാണവും ഉള്‍പ്പെടുത്തി പുതിയ ഡിസൈന്‍ തയ്യാറാക്കുകയും അതിനനുസരിച്ച് കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണം വൈകുകയായിരുന്നു.
എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരമായി 2.9 കോടി രൂപ വിതരണം ചെയ്ത ശേഷമാണ് പാലം നിര്‍മാണം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. അനുബന്ധ റോഡുകളിലെ നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അവ കൂടി പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
നേരത്തേ ഉണ്ടായിരുന്ന ഒന്നര മീറ്റര്‍ വീതിയും 35 മീറ്റര്‍ നീളമുള്ള നടപ്പാലം പൊളിച്ച് മൂന്ന് സ്പാനുകളോടെ 11 മീറ്റര്‍ വീതിയിലും 38.2മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലത്തില്‍ ഇരുവശത്തേക്കും ഒരേസമയം വാഹനങ്ങള്‍ പോകുന്നതിനുള്ള സൗകര്യത്തിന് പുറമെ ഇരുവശങ്ങളിലും ഫുട്പാത്ത് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 12 മീറ്റര്‍ വീതിയോടെ നിര്‍മിക്കുന്ന അപ്രോച്ച് റോഡിന് ചവറാംപാടം ഭാഗത്ത് 110 മീറ്റര്‍ നീളവും മുടിക്കോട് ഭാഗത്ത് 749 മീറ്റര്‍ നീളവുമുണ്ടാകും.
ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും സന്ദര്‍ശനവേളയില്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.