ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്കൂളുകളിലും സഹായ സമിതികൾ രൂപീകരിക്കും.
പ്രഖ്യാപിച്ച സമയത്ത് തന്നെ എസ് എസ് എൽ സി പരീക്ഷാഫലം പുറത്തിറക്കും ; പൊതുവിദ്യാഭ്യാസ- തൊഴിൽമന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം:
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ച സമയത്ത് തന്നെ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ കേരള എൻ ജി ഒ യൂണിയൻ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്നു കോടി രൂപ മൂല്യം വരുന്ന 2500 ടാബുകൾ ആണ് എൻ ജി ഒ യൂണിയൻ വിതരണം ചെയ്യുക.
കൊവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ ആണെങ്കിലും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്കൂളുകളിലും സഹായ സമിതികൾ രൂപീകരിക്കണം. മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.