കോണ്‍ഗ്രസ് ഓഫീസുകളിലെ സ്റ്റാഫ് നിയമനം അഞ്ച് വര്‍ഷത്തേക്ക്; മാർഗരേഖയ്ക്ക് അംഗീകാരം
തിരുവനന്തപുരം: കെ.പി.സി.സി ഓഫീസ് ശുചീകരണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ നിയമനത്തിനുള്ള മാർഗരേഖയായി. ഓരോ തസ്തികയിലും വിദ്യാഭ്യാസ യോഗ്യത, പാർട്ടി കൂറ്, പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാക്കി. നിയമനം അഞ്ച് വർഷത്തേക്കായിരിക്കും. പ്രകടനം തൃപ്തികരമാണെങ്കിൽ കരാർ നീട്ടും. 10 നിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് പുറത്തിറക്കിയത്. ഡിസിസി ഓഫീസുകളിലെ ജീവനക്കാരുടെ നിയമനത്തിനും ഇത് ബാധകമാണ്. നിയമനം സംബന്ധിച്ച മാർഗരേഖയ്ക്ക് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അംഗീകാരം നൽകി. ഫണ്ട് പിരിവിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് നിയമനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്. ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞ ദിവസം ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ചിരുന്നു.