പൂരം പ്രദർശനമൈതാനത്തിൽ കാർഷിക സർവകലാശാലയുടെ ഗംഭീര സ്റ്റാൾ
തൃശ്ശൂർ പൂരപ്പെരുമ വിളംബരം ചെയ്യുന്ന പൂരം എക്സിബിഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൃഷിയോടുള്ള മലയാളികളുടെ ആത്മബന്ധം തന്നെയാണ് കാർഷിക സർവകലാശാലയുടെ സ്റ്റാളിൽ അനുഭപെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്. വെളളനിക്കരയിൽ സ്ഥിതി ചെയ്യുന്ന കാർഷിക സർവ്വകലാശാലാ കവാടത്തെ അനുസ്മരിപ്പിക്കും വിധം തയ്യാറാക്കിയ ബൃഹത് പ്രദർശന വിൽപ്പന ശാലയിൽ 12 സ്റ്റാളുകൾ ആണ് ഒരുക്കിയിട്ടുള്ളത്.
ഇവിടെ വികസിപ്പിച്ചെടുത്ത അതുത്പാദന ശേഷിയുള്ള വിവിധ നെല്ലിനങ്ങളുടെ പ്രദർശനം കാണികളിൽ താത്പര്യ ഉണർത്തുന്നവയാണ്. പ്രത്യേക ഭൂപ്രദേശത്ത് നിർമിക്കപ്പെടുന്ന കാർഷിക വ്യാവസായിക കരകൗശല ഉൽപന്നങ്ങളെയും ഭക്ഷ്യ വിഭവങ്ങളെയും പ്രകൃതി വിഭവങ്ങളെയും ഭൂപ്രദേശ സൂചകങ്ങൾ ആയി സംരക്ഷിക്കാം. ഇതിന് വേണ്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിന്നായി ഐ പി ആർ സെല്ലിൻ്റെ പ്രവത്തനം വിശദീകരിക്കുന്ന സ്റ്റാളും ഇവിടെയുണ്ട്.
വർധിച്ച സാന്ദ്രതയുള്ള തെങ്ങിൻ തടി ഉപയോഗിച്ച് വിവിധ തരം ഫർണീച്ചറുകൾ ലാഭകരമായി നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയുടെ പ്രദർശനവും ഫോറസ്ട്രി കോളേജ് സ്റ്റാളിൽ ഉണ്ട്. കാർഷിക മേഖലയിൽ നടപ്പിലാക്കാവുന്ന സംരംഭക സാധ്യതകളെ കുറിച്ച് വിജ്ഞാനം പകരുന്ന അഗ്രി ബിസിനസ് ഇങ്കുബേറ്റർ ഇൻഫർമേഷൻ ഡസ്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സർവ്വകലാശാലാ വികസിപ്പിച്ചെടുത്ത വിവധ യന്ത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. ഇതിൽ സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ച യന്ത്രങ്ങൾ ആണ് കുമ്മായം വിതറുന്ന യന്ത്രം, തെങ്ങിൻ തടം എടുക്കുന്ന യന്ത്രം, ചാൽ കീറുന്ന യന്ത്രം, തേങ്ങാപ്പാൽ പിഴിയുന്ന യന്ത്രം, കൂർക്കതൊലി അനായാസം കളയുന്ന യന്ത്രം, വരിനെല്ലിനെ നിയന്ത്രിക്കുന്ന വീഡ് വൈപ്പർ, പച്ചക്കറി നൂറുക്കൽ യന്ത്രം, വിവിധ കള നിയന്ത്രണ യന്ത്രങ്ങൾ എന്നിവ.
കശുമാവ് ഗവേഷണ കേന്ദ്രത്തിൻ്റെ തനതു ഉത്പന്നമായ കാഷ്യൂ സോഡ സന്ദർശകരുടെ നാവിൽ പുതുരുചി പകരുന്നു. ചോക്ലേറ്റിന്റെ രുചിഭേദങ്ങൾ നുണഞ്ഞറിയാൻ കോകോ ഗവേഷണ കേന്ദ്രത്തിൻ്റെ ഉല്പന്നങ്ങളും ലഭ്യമാണ്.
കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വിവധ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന അതുത് പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ, തൈകൾ, ഫലവർഗ ഗ്രഫ്റ്റ്റുകൾ, ഔഷധ സസ്യങ്ങൾ, അലങ്കാര സസ്യങ്ങൾ എന്നിവയും വിൽപനക്ക് ലഭ്യമാണ്. ഇതോടൊപ്പം ജൈവനിവേശങ്ങളായ സ്യൂഡോമോണസ്, ട്രൈക്കോഡെർമ എന്നിവയും വിവിധ തരം കമ്പോസ്റും ലഭിക്കും. സർവ്വകലാശാല പ്രസിദ്ധീകരിക്കുന്ന നിരവധി പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുന്നതിനോടൊപ്പം ത്രൈമാസികയായ ‘കൽപധേനു ‘ വിൻ്റെ വരിക്കാരാവാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.