നാട്ടിക എസ്. എൻ. കോളേജിന് സ്റ്റാർ പദവി

നാട്ടിക : കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ബയോടെക്നോളജി നൽകുന്ന സ്റ്റാർ കോളേജ് പദവി നാട്ടിക ശ്രീനാരായണ കോളേജിന് ലഭിച്ചു. രാജ്യത്തെ ശാസ്ത്ര ബിരുദ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി കോളേജ് തലത്തിൽ ശാസ്ത്രപഠനം പരിപോഷിപ്പിക്കുന്നതിനു ള്ള പദ്ധതിയാണിത്. ഡിഗ്രി തലത്തിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനത്തിന് പ്രത്യേകം ഊന്നൽ നൽകുന്ന 84 ലക്ഷം രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ കോളേജിന് ലഭിച്ചിരിക്കുന്നത്. ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് എന്നീ ശാസ്ത്ര ഡിപ്പാർട്ട്മെൻറ്കൾ ആണ് ഈ തുക വിനിയോഗിക്കുക. മൂന്നു വർഷത്തെ കാലയളവിൽ വിവിധ ശില്പ ശാലകൾ, സെമിനാറുകൾ, ഫീൽഡ് വിസിറ്റ്കൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും ഉള്ള ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവ നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി രാജ്യത്തുള്ള മികച്ച ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി കൈകോർക്കും. സാമൂഹ്യ പ്രതിബദ്ധതയോട് കൂടിയ പ്രവർത്തനങ്ങളും ശാസ്ത്രസാങ്കേതിക തലത്തിലുള്ള കോളേജിൻറെ മികവും അധ്യാപകരുടെ പ്രാഗത്ഭ്യവും എൻ. ഐ. ആർ. എഫ് ലെ മികച്ച റാങ്കിംഗ് ഉം ആണ് കോളേജിന് ഈ പദ്ധതി കിട്ടാൻ കാരണമായതെന്ന് പ്രിൻസിപ്പൽ ഡോ. പി. എസ്. ജയ അറിയിച്ചു. ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പ്രവീൺ വി പ്രസാദ് ആണ് പദ്ധതിയുടെ കോളേജ് തല കോഡിനേറ്റർ.
