അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ജില്ലയിൽ തുടക്കം
തൃശൂർ: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണായക ഫോക്കസ് ഗ്രൂപ്പ് യോഗങ്ങൾക്ക് ജില്ലയിൽ തുടക്കം. പദ്ധതിയില്‍ ഉള്‍പ്പെടേണ്ടവരുടെ വാര്‍ഡ് തല പട്ടിക തയ്യാറാക്കുന്ന ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളാണ് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളിൽ ചേർന്നത്. സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരുടെയും കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രതിനിധികളുടെയും പ്രത്യേകം ഫോക്കസ് ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് വാര്‍ഡ്- ഡിവിഷന്‍ തലങ്ങളില്‍ ആദ്യഘട്ട പട്ടിക തയ്യാറാക്കുന്നത്. വാര്‍ഡ് ജനപ്രതിനികള്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, നേരത്തെ പരിശീലനം പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ഫോക്കസ് ചർച്ചയിലൂടെ തയ്യാറാക്കിയ അതിദരിദ്രരുടെ വാർഡ് തല പട്ടിക ഇന്ന് (നവംബർ 29) ചേരുന്ന വാർഡ് തല സമിതികൾ പരിശോധിച്ച് അന്തിമമാക്കും. ഫീല്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തുന്നതിനാവശ്യമായ അന്തിമ പട്ടികയാണ് വാർഡ്- ഡിവിഷന്‍ തലത്തില്‍ തയ്യാറാക്കുക.
കയ്പമംഗലം: ജില്ലയിലെ അതിദരിദ്രരെ കണ്ടെത്താനുള്ള ഫോക്കസ് ഗ്രൂപ്പ് യോഗത്തിന്റെ കയ്പമംഗലം മണ്ഡലതല ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. പെരിഞ്ഞനത്ത് വിവിധ വാർഡുകളിൽ നടന്ന ഫോക്കസ് ചർച്ചകളിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗം ആർ കെ ബേബി, ബ്ലോക്ക് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് കോർഡിനേറ്റർ ഷീന എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ: മണ്ഡലതല ഉദ്‌ഘാടനം കൊടുങ്ങല്ലൂർ നഗരസഭ മൂന്നാം വാർഡിൽ അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു. ചർച്ചകളിൽ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ, വാർഡ് കൗൺസിലർ ചന്ദ്രൻ കളരിക്കൽ, നഗരസഭ സെക്രട്ടറി, കോർഡിനേറ്റർമാർ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെയും നഗരസഭയുടെയും കീഴിലുള്ള എല്ലാ വാർഡുകളിലും സാമൂഹിക സംഘടന പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ചത്.
പറപ്പൂക്കര: അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ചേർന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളുടെ ഉദ്ഘാടനം വാർഡ് ഒമ്പത് ആലത്തൂർ നോർത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. ആർ ആർ ടി വളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് മെമ്പർ കവിത സുനിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി കെ സുരേഷ് കുമാർ, വി ഇ ഒ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എ രാജീവ് ചർച്ചകൾക്ക് നേതൃത്വം നൽകി.
ഒല്ലൂക്കര: ജില്ലയിലെ അതിദരിദ്രരെ കണ്ടെത്താനുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകളുടെ ഭാഗമായി ഒല്ലൂക്കര ബ്ലോക്കിലും നാല് ഗ്രാമപഞ്ചായത്തിലും യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സാമൂഹിക സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ചത്. ചർച്ചകളിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ കെ ആർ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പഞ്ചായത്ത് സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൊരട്ടി, കാടുകുറ്റി, മേലൂർ, പരിയാരം, അതിരപ്പിള്ളി, കോടശ്ശേരി എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലും ചാലക്കുടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും സാമൂഹ്യ സംഘടന, കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് സുനിത എം എസ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, ചാലക്കുടി ബ്ലോക്ക് ബി ഡി ഒ യു ജി സരസ്വതി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ രാധാകൃഷ്ണൻ, ഹെഡ് ക്ലർക്ക് എം ബി രാജേഷ്, ഹെഡ് അക്കൗണ്ടന്റ് കെ പി ഷീബ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.