നിർബന്ധിത മാസ്ക് ധാരണം ഒഴിവാക്കിയേക്കും, താല്‍പര്യമുള്ളവര്‍ക്ക് ധരിക്കാം; സര്‍ക്കാര്‍ തലത്തില്‍ ആലോചന
തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി. കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അഭിപ്രായം തേടി. അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങളിൽ മാസ്‌ക് നിര്‍ബന്ധമാക്കി മറ്റിടങ്ങളില്‍ മാസ്ക് ഒഴിവാക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
മാസ്‌ക് ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്‍പര്യമുള്ളവര്‍ക്കു തുടര്‍ന്നും മാസ്‌ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സര്‍ക്കാരിനെ അറിയിച്ചു.
കൊവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കില്‍ മാസ്‌കുകള്‍ ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗമാണ്.