നാളെ സംസ്ഥാന ബജറ്റ്; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്ക് ബജറ്റിൽ മുൻതൂക്കം ലഭിക്കും. ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചേക്കും. കടമെടുപ്പ് കൂടിയെന്നും, കെടുകാര്യസ്ഥതയും, ധൂർത്തും, സാമ്പത്തിക അടിത്തറ തകർത്തെന്നുമുള്ള ആക്ഷേപങ്ങൾ നിലനിൽക്കെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ നേർ ചിത്രമാകും അവലോകന റിപ്പോർട്ട്. ചെലവ് ചുരുക്കാനും വരുമാനം വർദ്ധിപ്പിക്കാനുമുള്ള നിർദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഭൂനികുതിയും ന്യായവിലയും വർദ്ധിക്കാനും ഭൂവിനിയോഗത്തിനനുസരിച്ച് നികുതി കണക്കാക്കാൻ നിർദ്ദേശിക്കാനും സാധ്യതയുണ്ട്. സർക്കാർ സേവനങ്ങൾക്ക് ചിലവ് കൂടും, പിഴ വർദ്ധിപ്പിക്കും. കിഫ്ബി പ്രതിസന്ധിയിലായിരിക്കുമ്പോൾ വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ലെങ്കിലും നിലവിൽ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ച ഉറപ്പാക്കും.  ഡാമുകളിൽ നിന്നുള്ള മണൽ വാരൽ, കെ.എസ്.ആർ.ടി.സിയെ സി.എൻ.ജി ബസുകളിലേക്ക് മാറ്റൽ എന്നിവയുൾപ്പെടെയുള്ള പദ്ധതി നിർദ്ദേശങ്ങൾ ബജറ്റിൽ ആവർത്തിച്ചേക്കുമെന്നാണ് സൂചന. സിൽവർ ലൈൻ, കെ ഫോൺ എന്നിവയുൾപ്പെടെയുള്ള പ്രോജക്ടുകൾ എവിടെയും എത്താത്ത സ്ഥിതിയിലാണ്. തോട്ടങ്ങളിലെ പഴക്കൃഷി, കിഴങ്ങുവർഗ്ഗങ്ങളിൽ നിന്നുള്ള സ്പിരിറ്റ്, 50 കോടി രൂപ വകയിരുത്തിയ വര്‍ക്ക് നിയര്‍ ഹോം തുടങ്ങി കഴിഞ്ഞ ബജറ്റിലെ പദ്ധതികളൊന്നും പച്ചതൊട്ടിട്ടില്ല. കോവളം-ബേക്കൽ ജലപാത ഇഴഞ്ഞുനീങ്ങുകയാണ്. പെൻഷൻ പ്രായം കൂട്ടില്ല, എന്നാൽ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നതിൽ ഉദാരമായ സമീപനമുണ്ടായാൽ അതിൽ അതിശയിക്കാനില്ല.

Related Posts