കാട്ടാന കൊലപ്പെടുത്തിയ സംഭവം: സംസ്ഥാന ബാലാവകാശ കമ്മീഷൻ ആഗ്നിമിയയുടെ വീട് സന്ദർശിച്ചു
തൃശ്ശൂർ : അതിരപ്പിള്ളി കണ്ണൻകുഴിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച ആഗ്നിമിയയുടെ പുത്തൻചിറയിലെ വീട് സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. വനമേഖലയിൽ കുട്ടികൾക്കും പൊതുജനങ്ങൾക്കും വന്യജീവി ആക്രമണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശം സർക്കാരിന് നൽകുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ്‌കുമാർ പറഞ്ഞു.
ആഗ്നിമിയയുടെ അമ്മ അജന്യയെയും ബന്ധുക്കളെയും കമ്മീഷൻ ആശ്വസിപ്പിച്ചു. വനമേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും നടപടി ഉണ്ടാകുന്നില്ലെന്നും കണ്ണൻകുഴിയിൽ നിന്നെത്തിയ ബന്ധുക്കൾ പരാതിപ്പെട്ടു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് പരാതികൾ കേട്ട കെ വി മനോജ്‌കുമാർ കുടുംബത്തെ അറിയിച്ചു.
കമ്മീഷൻ അംഗം സി വിജയകുമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു എന്നിവരും ഒപ്പമുണ്ടായിരുന്നു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, മെമ്പർമാരായ വി എൻ രാജേഷ്, ധനുഷ് എന്നിവരും സന്നിഹിതരായി.