സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം; അംഗീകാരം നൽകി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സർക്കാർ-ഗവർണർ തർക്കം നിലനിൽക്കുന്ന സമയത്താണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയതെന്നത് ശ്രദ്ധേയമാണ്. മന്ത്രി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ സമയം അനുവദിച്ചതോടെയാണ് സർക്കാർ-ഗവർണർ തർക്കം ശമിച്ചത്. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയത്. മാറ്റങ്ങളൊന്നും വരുത്താതെയാണ് ഗവർണർ പ്രസംഗത്തിന്‍റെ പകർപ്പ് സർക്കാരിന് മടക്കി നൽകിയത്. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളുണ്ടെങ്കിലും അവയെല്ലാം കഴിയുന്നത്ര മയപ്പെടുത്തിയാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസഹായം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്നു. പ്രസംഗത്തിന്‍റെ പതിനെട്ടാം ഖണ്ഡികയിലായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനം. പരാമർശം നീക്കാൻ ഗവർണർ നിർദ്ദേശിച്ചെങ്കിലും സർക്കാർ തയ്യാറായില്ല.

Related Posts