സംസ്ഥാന റവന്യൂ കായികോത്സവം: കാൽപ്പന്ത് കളിയിൽ ഇടുക്കി
സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ കിരീടം സ്വന്തമാക്കി ഇടുക്കി. 15 ടീമുകൾ മാറ്റുരച്ച കാൽപ്പന്തുകളിയിൽ ഇടുക്കിയുടെ ക്യാപ്റ്റൻ പി ഡി പ്രമോദ് നയിച്ച ടീമിന് കിരീടം നേടാൻ ഏറെ വിയർക്കേണ്ടി വന്നില്ല. എതിരാളികളായ കാസർകോടിനെ O/1 എന്ന സ്കോറിലാണ് ഇടുക്കി പരാജയപ്പെടുത്തിയത്. ദേവികുളം താലൂക്കിലെ കെ ഡി എച്ച് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് എൻ കെ ആഷിക്കിന്റെ ഒരൊറ്റ ഗോളിലൂടെയാണ് ഇടുക്കിയുടെ കിരീട നേട്ടം. കളിയിലെ മികച്ച സ്കോറർ കൂടിയാണ് ആഷിക്.
മഴ പ്രതിസന്ധി മൂലം 45 മിനിറ്റിൽ നിന്ന് 30 മിനിറ്റിലേയ്ക്ക് ചുരുങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്കോർ ബോർഡ് നിശ്ചലമായിരുന്നെങ്കിലും 19 മിനിറ്റിൽ ഇടുക്കി നേടിയ ഗോളിൽ മറുപടി നൽകാൻ ഷാജി കടയ്ക്കൽ നയിച്ച കാസർകോടിന് സാധിച്ചില്ല. ഇടുക്കി ടീമിന്റെ ക്യാപ്റ്റനും പരിശീലകനായ പി ഡി പ്രമോദ് ഫുട്‌ബോളിൽ 5 സിറ്റ്-അപ്പുകൾ നടത്തിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഗ്രാൻഡ്മാസ്റ്ററും ഇന്റർനാഷണൽ മാരത്തോണിൽ ഏഷ്യയിലെ ആദ്യ ഭിന്നശേഷിക്കാരനായ പരിശീലകനും കൂടിയാണ്. സെമി ഫൈനലിൽ പരാജയപ്പെട്ട ടീമുകളുടെ ഫൈനലിൽ വയനാട് -മലപ്പുറം ജില്ലകൾ തമ്മിൽ നിശ്ചിത സമയത്ത് 1-1 സ്കോർ നേടിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് വയനാട് വിജയം കരസ്ഥമാക്കി.
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മത്സരങ്ങൾ കെ എൻ ഗോകുലൻ, ആൽഫ്രെഡ് എൻ ഡേവിഡ്, സുജിത്ത് കുമാർ എന്നിവരാണ് നിയന്ത്രിച്ചത്. ജില്ലാ കലക്ടർ ഹരിത വി കുമാർ വിജയിച്ച ടീമുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.