സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ; കോഴിക്കോട് വേദിയാവും
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് വേദിയാകും. സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ 7 വരെയാണ് കോഴിക്കോട് നഗരത്തിൽ നടക്കുക. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമായിരിക്കും മേളയുടെ പ്രധാന വേദി. ആകെ 25 വേദികളിലായാണ് പരിപാടികൾ നടക്കുക. കലോൽസവത്തിന്‍റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 14,000ത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തുന്നത്. അധ്യാപകരും രക്ഷിതാക്കളും ഇവരെ അനുഗമിക്കും. സാധാരണയായി ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന കലോൽസവം ഇത്തവണ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാകും. വേദികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തപ്പോൾ ഇത് യാഥാർത്ഥ്യമായി. കലോൽസവ വിജയികൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം മുതൽ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.