മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കരിമല വഴിയുള്ള കാനന പാത സഞ്ചാരയോഗ്യമാക്കാനുള്ള നടപടി തുടങ്ങി

ഒരു വര്‍ഷത്തിലധികമായി മനുഷ്യരാരും കടന്ന് ചെല്ലാത്ത കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എ ഡി എം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടിനുള്ളില്‍ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന പുല്ലും, ചെടികളും വെട്ടി തെളിക്കുന്ന ജോലി ദ്രുതഗതിയില്‍ നടക്കുകയാണെന്നും, മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കാനാകുമെന്ന് എ ഡി എം വ്യക്തമാക്കി.
അയ്യപ്പനെ പന്തളം രാജാവിന് ലഭിച്ച സ്ഥലം എന്ന ഐതീഹ്യ പെരുമ ഉള്ള സ്ഥലമാണ് വലിയാനവട്ടം. ഇവിടെ ടെന്റ് അടിക്കാനും അയ്യപ്പന്‍മാര്‍ക്ക് ഇടത്താവളം ഒരുക്കാനും ഉള്ള പ്രവൃത്തികള്‍ എ ഡി എം അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് നോക്കി വിലയിരുത്തി.
എരുമേലിയില്‍ നിന്ന് അഴുത വരെ ജനവാസ മേഖലയാണ്. പിന്നീട് 18 കിലോമീറ്റര്‍ കടുവയും, പുലിയും, ചെന്നായയും, കരടിയും, ആനയും അടക്കമുള്ള മൃഗങ്ങള്‍ വാഴുന്ന കാടാണ്. കല്ലിടാംകുന്ന്, മുക്കുഴി, പുതുശേരി, കരിമല എന്നീവ കടന്ന് വേണം വലിയാനവട്ടത്ത് എത്താന്‍. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനമൊരുക്കും. 4 എമര്‍ജന്‍സ് മെഡിക്കല്‍ കെയര്‍ സെന്ററുകളുണ്ടാകും. വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികള്‍ ഒരുക്കുന്ന എട്ട് ഇടത്താവളങ്ങളുമുണ്ടാകും, രാത്രി ഒരു കാരണവരാലും യാത്ര കാനനപാത വഴി അനുവദിക്കില്ല.
അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളും ശുചിമുറികളും സ്ഥാപിക്കും വന്യമൃഗങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് രണ്ട് കിലോമീറ്റര്‍ ഇടവിട്ട് വനം വകുപ്പ് നിരീക്ഷണ സംവിധാനവും ഒരുക്കും.