ചേലൂർ-വാക റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ തുടങ്ങി
എളവള്ളി ഗ്രാമപഞ്ചായത്തിലെ ചേലൂർ-വാക റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ വാക മസ്ജിദ് മുതൽ റെയിൽവെ വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമാകാറുള്ളത്. എംഎൽഎ മുരളി പെരുനെല്ലിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രസ്തുത ഭാഗം രണ്ടടിയോളം ഉയർത്തിയാണ് വെള്ളക്കെട്ടിന് പരിഹാരം കാണുന്നത്. 72 ലക്ഷം രൂപയാണ് പദ്ധതിക്ക് നീക്കിവെച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി 100 മീറ്റർ ദൂരം ഭിത്തികെട്ടി സംരക്ഷിക്കും. റോഡിന് ഇരുവശവും കോൺക്രീറ്റ് കാനകൾ 600 മീറ്റർ നീളത്തിൽ നിർമ്മിക്കും. നിലവിലെ ടാറിങ് ഇളക്കിമാറ്റി റോഡ് ഉയർത്തി റീടാറിങ് നടത്തും.
റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി സി മോഹനൻ എന്നിവർ സ്ഥലം സന്ദർശിച്ചു. റോഡിലൂടെയുള്ള മഴവെള്ളം ഒഴുകി പോകുന്നതിന് വാക കാർത്ത്യായനി ക്ഷേത്രം മുതൽ എ കെ ജി റോഡ് വരെ കോൺക്രീറ്റ് കാനകൾ നിർമ്മിക്കുന്നുണ്ട്. കൂടാതെ റോഡ് ബിഎംബിസി ടാറിങ് ചെയ്യുന്നതിനുള്ള നടപടികളും എം എൽ എ മുഖേന നടന്നുവരുന്നുണ്ട്.