കഥ - താഴിട്ടു പൂട്ടുന്ന സ്വകാര്യങ്ങൾ

എഴുത്ത് - രതി പതിശ്ശേരി

കഥ - താഴിട്ടു പൂട്ടുന്ന സ്വകാര്യങ്ങൾ.

പടി കയറുമ്പോൾ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വർദ്ധിച്ചു എന്നതൊഴിച്ചാൽ സ്റ്റേഷന് മാറ്റങ്ങൾ അധികം വന്നിട്ടില്ല വർഷങ്ങൾക്ക് ശേഷവും. പരിചിതമുഖങ്ങൾ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരൻ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാൻ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവർ ചിന്തിച്ചോട്ടെ. എത്രയോ നാളായി മനസ്സിൽ കിടന്നു പിടയുന്ന ഒരു ആഗ്രഹമായിരുന്നു ഇവിടെ വരണമെന്ന്. യാത്രക്ക് ഒരു സാധ്യത തെളിഞ്ഞപ്പോൾ വീണ്ടും ഒരു ആലോചന വേണ്ടി വന്നില്ല. പോർട്ടികോവിൽ ടാക്സിക്കാരുടെ ബഹളം ഉയർന്നു പൊങ്ങി.

റൂം ബോയ് മുറിക്കു മുന്നിൽ തയ്യാറായി കാത്തു നിന്നിരുന്നു. അപ്പോളാണ് വാതിലിൽ എഴുതി വെച്ചത് ശ്രദ്ധിച്ചത്. നൂറ്റിപതിനാല്‌. കാലെടുത്തു വെക്കുമ്പോൾ ആകസ്മികതയിൽ മനസ്സൊന്നു തെന്നി. ഒരു ബലത്തിനെന്ന പോലെ കണ്ണടയിൽ മുറുക്കിപിടിച്ചു. വാതിൽ താനെ അടഞ്ഞു. ലോകം പുറത്തായി. ഒരു നെടുവീർപ്പിൻ ചൂടിൽ വിയർത്തു. ഒരു മാറ്റങ്ങളുമില്ലാതെ അതേ മുറി. ചുമരിൽ അലങ്കരിച്ചിരുന്ന പെയിന്റിംഗിന് കൂടുതൽ ശോഭ വന്നതുപോലെ. വൈകാരികതയുടെ ഒരു പരൽമീൻ പിടഞ്ഞു. അടച്ചിട്ട മുറിയിലെ ഏക കാഴ്ച അതായിരുന്നു. ബാത്ത് റൂമിൽ നിന്ന് മുടി തോർത്തിയിറങ്ങി തലയുയർത്തുമ്പോഴും പിണക്കത്തോടെ ചരിഞ്ഞുകിടക്കുമ്പോഴും അലാറത്തിലേക്ക് കൈയമർത്താൻ കൺതുറക്കുമ്പോഴും ചുമരിൽ അതുണ്ടായിരുന്നു. കാഴ്ചയിലെ നിശ്ചല ഉത്സവമായി.

ഷവറിനു താഴെ നിൽക്കുമ്പോൾ വിങ്ങലുകൾ അടങ്ങിയില്ല. വെള്ളത്തിനു നല്ല തണുപ്പുണ്ടായിരുന്നെങ്കിലും.

ഫ്രൈപാൻ പൊള്ളിയ കൈത്തണ്ടയിലെ നീറ്റൽ നിലച്ചിട്ടില്ല. ഇപ്പോൾ തൊണ്ട വേദനയും. ഈ കുളി വിയർപ്പിൽ നിന്നുള്ള മോചനമാണ്. ഈ യാത്രയും. വരണ്ട തൊണ്ടയിലേക്ക് ചൂടുവെള്ളം പകർന്ന് കിടക്കയിലേക്ക് അമർന്നു. കൂട്ടിനു ഗസൽ സംഗീതം വന്നു. കർട്ടനുകൾ ഇളകുന്നത് ഗസലിനൊപ്പം നല്ല കാഴ്ചയായിരുന്നു. മനസ്സിളകിയത് എന്നും സംഗീതത്തിന് ഒപ്പമായിരുന്നു. വാതിലിൽ മുട്ട് സംഗീതത്തെ മുറിച്ചു. റൂം ബോയ് ആണെന്നറിഞ്ഞിട്ടും ഒരു ജിജ്ഞാസയെ മനസ്സിലേക്ക് നിറച്ചു.

വർഷങ്ങൾ എത്ര വിടവുകൾ സൃഷ്ടിച്ചു. വിധിയെന്ന് പഴിച്ച എത്ര വർഷങ്ങൾ. അതിനിടയിൽ എന്തെല്ലാം സംഭവങ്ങൾ. കൂട്ടത്തിൽ നിന്നും തെറിച്ചു നിൽക്കുന്ന വെള്ളിമുടിക്കീറുകൾ വർഷങ്ങളുടെ അന്തരത്തെ പെരുപ്പിക്കുന്നു.

എന്നിട്ടും ഈ നിമിഷങ്ങൾ സുഖം തരുന്നു. ഉള്ളിൽ ഞാനനുഭവിക്കുന്ന ഭ്രാന്തിന്റെ സുഖം. എൻറെ മാത്രം സുഖം എന്റെ മാത്രം ഭ്രാന്ത്.

കണ്ണുകൾ അടഞ്ഞു പോകുന്ന അവസ്ഥ. ഉറക്കമല്ല അത് തോന്നൽ മാത്രമാണെന്നറിഞ്ഞു. മാഗസിനുകൾ തുറന്നു. പേജുകൾക്ക് മീതെ പേജുകൾ മൂടി വെച്ചു.

എയർകണ്ടീഷന്റെനേരിയ മുരൾച്ചക്കൊപ്പം ഓർമകളുടെ അലസ സഞ്ചാരം. ഭാരതി ടീച്ചറുടെ റിട്ടയർമെന്റ് ഫങ്ഷനാണ് രേവതി നിർബന്ധമായും വരണം. വരാതിരിക്കാനായില്ല. ബഷീറിനെയും കുഞ്ഞേടത്തിയെയും തുർഗനേവിനേയുമൊക്കെ ജീവിതത്തിലേക്ക് തന്ന മാഷാണ്. വിളിച്ചാൽ എങ്ങനെ വരാതിരിക്കും. പുസ്തകത്തിൽ കോറി വരച്ച ചിത്രങ്ങൾക്ക് നിറം പകർന്നതും അക്ഷരങ്ങളെ മുറുകെ പിടിച്ചോളൂ അതാവും നിന്റെ വഴിയെന്ന് പറത്തി വിട്ടതും മാഷായിരുന്നു.

രാവിലെയാണ് പരിപാടി. പുലർച്ചെ പുറപ്പെട്ടാലും മതിയായിരുന്നു. ഓർമകളുടെ വെള്ളിക്കീറുകളെ രാത്രിയുടെ കരിമ്പടത്തിന് കീഴിൽ കുറച്ചുനേരം പൂട്ടി വെക്കണമെന്നത് ഒരാഗ്രഹമായിരുന്നിരിക്കണം. കൺതടങ്ങളിൽ കാലം കലർത്തിയ കറുപ്പ് കണ്ണാടിയിൽ നിന്നും തൊട്ടറിഞ്ഞു. മഴവിൽ തിളക്കം മടങ്ങി വരില്ല.

റിസപ്ഷനിൽ വിളിച്ച് ഭക്ഷണം പറഞ്ഞു. അടുക്കളയില്ലാത്ത ഒരു ദിവസം.

രണ്ട് ദിവസം ഉണ്ടാവില്ല എന്ന് പറഞ്ഞിറങ്ങുമ്പോൾ മറുചോദ്യം ഉണ്ടായില്ല. ഒരു രോഷം പൊട്ടിത്തെറിക്കാൻ പാകത്തിൽ എന്റെയുള്ളിൽ. അതിനെ അഭിമുഖീകരിക്കാതിരിക്കുകയാവും നല്ലതെന്ന് തോന്നിയിട്ടുണ്ടാകും. കുട്ടികളോട് നാട്ടിലേക്ക് എന്ന് മാത്രം പറഞ്ഞു. അവർക്കത് മതി. ഒരു വാക്കിൽ ഒരു നോട്ടത്തിൽ എല്ലാം അവർക്ക് മനസ്സിലാവുന്നു.

ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. ചൂടാക്കി കഴിച്ചോളൂ, ഇറങ്ങുമ്പോൾ പറഞ്ഞു.

എത്രയെത്ര വേഷങ്ങൾ. കുടുംബവും നിയമങ്ങളും. മറ്റുള്ളവർ കുത്തിത്തരുന്ന ചുട്ടികൾക്കൊത്ത് ആടുന്നവൾ.

മുറിവുകൾ പൊള്ളുന്ന വേനലിൽ ആശ്വാസമാകുന്നത് ഓർമകളിലെ ചില പച്ചപ്പുകളാണ്. അകന്നകന്ന് പോയവൻ. സ്വാതന്ത്ര്യത്തിന് ഒരുപാട് ആശയങ്ങളുണ്ടെന്ന് കവിതയെഴുതിയവൻ. ഒടുവിൽ

നിസ്സഹായതയുടെ ചുഴിയിൽ ഗതിയില്ലാതെ നിന്നപ്പോൾ...

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.

അവസാനനാളുകളിൽ അച്ഛന്റെ കണ്ണുകളിലെ ആഴം കണ്ട് ഞാൻ ഭയപ്പെട്ടിട്ടുണ്ട്. പാറിനടന്ന എന്റെ ബാല്യം. അച്ഛന്റെ കീശയിലെ കാശുമായി മമ്മദിക്കാന്റെ കടയിലെ നാരങ്ങ മിട്ടായിക്കായി കൈ നീട്ടിയ പാവാടയിലെ കുസൃതി. തൊട്ട വീടുകളിലെ നാൽവർ സംഘവുമായി കുളത്തിലെ കെട്ടിമറിച്ചിൽ.

അന്നും ഉറക്കത്തോട് തല തിരിച്ചാണ് നടപ്പും കിടപ്പും. ഉറക്കത്തേക്കാൾ സ്വപ്നം കാണലിൽ ആയിരുന്നു അഭിരമിച്ചിരുന്നത്. പകൽ സ്വപ്‌നങ്ങൾ മനോരാജ്യങ്ങൾ.

കോളിങ് ബെൽ ഉണർത്തി.

ഭക്ഷണത്തിൽ കൈ വെച്ചു. കഴിക്കാൻ തോന്നുന്നില്ല. സംഗീതം നിലച്ചിരുന്നില്ല. ഒരിക്കലും നിൽക്കാത്ത സംഗീതമായി ജീവിതം ചിറകു വിരിച്ചെങ്കിൽ.

ഒഴുകുന്ന ജാലകവിരി കൈയിലെടുത്തു വകഞ്ഞുമാറ്റി. ഫോണിൽ മെസ്സേജ് വന്നതിന്റെ ശബ്ദം. ജിതിനാണ്. ഉറങ്ങിക്കോളൂ എന്ന മറുപടിയെഴുതി.

അകലെ കുന്നിൽ ഒരൊറ്റ വീട്. അതിനെ എന്റേതാക്കി സങ്കൽപ്പിച്ചു. അവിടെ നിന്ന് നോക്കിയാൽ കാണുന്ന കാഴ്ചകൾ. അവിടെ നിറയുന്ന ഏകാന്തത. മേഘങ്ങളെ തൊടാൻ കഴിയുന്ന ഉയരം. കാഴ്ചയിലെ കാടുകൾ, കേൾവിയിലെ കടലിരമ്പം.

നേരത്തെ ഉണർന്നു. മനസ്സിൽ നിന്ന് ഒരു ദിവസത്തെ വെട്ടി ചുരുക്കി. ഇന്ന് തന്നെ മടങ്ങണം. മുറിയിൽ നിന്നിറങ്ങുമ്പോൾ ഒന്നുകൂടി ആ നമ്പറിലേക്ക് നോക്കി.

ദിശ തെറ്റാതെയുള്ള തീവണ്ടി യാത്രയെ ജീവിതത്തോടുപമിച്ചു നോക്കി. അവസാനിക്കാത്ത ഇരമ്പങ്ങളെ മനസ്സിനോട് ചേർത്തുനോക്കി. ഒരു രാത്രിയുടെ സന്തോഷങ്ങളെ ഒരു യാത്രയുടെ സ്വാതന്ത്രത്തെ ഓർമകളുടെ അഭിനിവേശങ്ങളെ താഴിട്ടു പൂട്ടി. ഉണങ്ങാത്ത മുറിവുകളെയും ഇറക്കി വെക്കനാവാത്ത ഭാരങ്ങളെയും കുരിശെന്ന പോലെ പേറി.

Related Posts