ഫിൽമോർ പറഞ്ഞ കഥ

ജനൽ ചില്ലുകൾ പൊടിയാൽ മൂടപ്പെട്ട് കാഴ്ചപോലും മങ്ങുന്ന അവസ്ഥ. ചായ്പ്പിനടിയിലൂടെ വരുന്ന മഴവെള്ളവുംപൊടിയും കാറ്റും വെയിലും ഏറ്റ് നരകിച്ചു ഒരുപാടു നാളുകൾ... ഒരുപക്ഷെ ഇങ്ങനെ അങ്ങ് മണ്ണിൽ ലയിച്ചു തീരുമോ എന്ന് ഭയപ്പെട്ടിരുന്ന നാളുകൾ...

“എന്റെ പേര് ഫിൽമോർ 1967 മോഡൽ ജർമ്മൻ കോമ്പിവാൻ… ഇത് എന്റെ സ്വന്തം കഥയാണ്”,

വാർദ്ധക്യത്തിൽ യൗവ്വനം വീണ്ടെടുത്ത ഒരു പഴയ ക്യാമ്പർവാനിന്റെ കഥ.

1967 ൽ ജർമനിയിലെ വോൾഫ്‌സ്ബർഗിൽ ജനിച്ച ഞാൻ 1968ൽ ആണ് ഇൻഡോ-ജർമൻ നീലഗിരിഡെവലപ്മെന്റ് പ്രൊജക്റ്റിനു വേണ്ടി ജർമ്മനിയിൽ നിന്നും ഇന്ത്യയിലെ നീലഗിരിയിലേക്ക് എത്തുന്നത്, അന്നുമുതൽ ഒരുപാട് വർഷക്കാലം തണുത്തുറഞ്ഞ നീലഗിരി കുന്നുകളിൽ സായിപ്പിന്റെ കൂടെ ആ കാർഷികപ്രോജക്ട്റ്റിൽ പണിയെടുത്തു. കാലക്രമേണ പഴക്കം ആയപ്പോൾ അവിടെനിന്നും ആരോ എന്നെ ലേലത്തിൽഎടുത്തു തിരുപ്പൂർ എന്ന തുണി വ്യവസായനഗരത്തിലേക്ക് കൊണ്ടുപോയി, അവിടെയും ഒരുപാട് നാൾപണിയെടുത്തു. ശേഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞ്‌ 1998ൽ ഒരു സ്കൂളിന് വേണ്ടി വാൻ വാങ്ങാൻ കേരളത്തിൽനിന്ന് വന്ന ഒരാൾ ഒരു സ്റ്റാൻഡേർഡ് വാനിന്റെ കൂടെ കുറഞ്ഞ വിലക്ക് എന്നെയും കൊണ്ട് പോയി. 2003ൽഫിറ്റ്നസ് തീരുന്നത് വരെ വർക്ക്ഷോപ്പ്‌ ഉടമയായിരുന്ന അയാളുടെ കൂടെ തലങ്ങും വിലങ്ങുംഓടിക്കൊണ്ടേയിരുന്നു. ഫിറ്റ്നസ് തീർന്നതോടെ നാല് വീലും അഴിച്ചു വർക് ഷോപ്പിന്റെ ഒരു കോണിലേക്ക് ഞാൻഉപേക്ഷിക്കപ്പെട്ടു. പിന്നീട്‌ അവിടെ പൊടിപിടിച്ചു കഴിയാനായിരുന്നു എന്റെ വിധി. ഒരേ നിൽപ്പിൽ കട്ടപ്പുറത്ത്ഒരുപാട് വർഷങ്ങൾ...

എന്റെ വിധി...

Fillmore01

പല ഭാഗങ്ങളും തുരുമ്പു കയറാൻ തുടങ്ങി വർക്ഷോപ്പിലെ ആവശ്യമില്ലാത്ത വസ്തുക്കൾ എന്നിൽനിക്ഷേപിക്കാൻ തുടങ്ങി, ഇടയിൽ ഒരു വശത്തു പെയിന്റ്ർ ചേട്ടന്റെ സാമ്പിൾ അടിച്ചു നോക്കാനുള്ള ചുമരായിഎന്റെ ശരീരത്തിന്റെ ഒരു വശം. ജനൽ ചില്ലുകൾ പൊടിയാൽ മൂടപ്പെട്ട് കാഴ്ചപോലും മങ്ങുന്ന അവസ്ഥ. ചായ്പ്പിനടിയിലൂടെ വരുന്ന മഴവെള്ളവും പൊടിയും കാറ്റും വെയിലും ഏറ്റ് നരകിച്ചു ഒരുപാടു നാളുകൾ...

ഒരുപക്ഷെ ഇങ്ങനെ അങ്ങ് മണ്ണിൽ ലയിച്ചു തീരുമോ എന്ന് ഭയപ്പെട്ടിരുന്ന നാളുകൾ.

ഭാഗ്യം.. എന്റെ മൂല്യം ശരിക്കറിയാവുന്ന അയാൾ എന്നെ സ്ക്രാപ്പ്കാർക്കൊന്നും കൊടുത്തില്ല. ഇടയിൽപലപ്പോഴും ഒരുപാട് അകലെ നിന്നുപോലും ആളുകൾ വന്നു വില പറഞ്ഞിട്ടും അയാൾ താൻ പറഞ്ഞ വലിയവിലയിൽ ഉറച്ചു നിന്നു എന്ന് മാത്രമല്ല ഓരോ വർഷവും അയാൾ വില കൂട്ടികൊണ്ടേ ഇരുന്നു, എല്ലാം കണ്ടുംകേട്ടും നിസ്സഹായനായി ഒന്നും ചെയ്യാൻ കഴിയാതെ ഈ ഞാനും...

ഇതിനിടയിൽ 2008 ജൂലൈയിലെ മഴ പെയ്യുന്ന ഒരു പ്രഭാതം, പഴക്കം ചെന്ന ഒരു യമഹ ബൈക്കിൽ ഒരുചെറുപ്പക്കാരൻ എന്നെ കാണാൻ വന്നു, എന്നെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങുന്നതു ഞാൻ കണ്ടു..

അവൻ ചുമരിനോട് ചേർന്ന് കിടക്കുന്ന എന്റെ മൂന്നു വശത്തും അവൻ ചുറ്റിനടന്നു. പൊടി പിടിച്ചുവൃത്തികേടായ എന്റെ മുഖത്ത് കൈകൊണ്ടു തലോടി...

ആ സ്നേഹസ്പർശം പുനർജ്ജന്മം കാത്തു കിടക്കുന്ന എന്നിൽ കുളിർമഴയായി, പ്രതീക്ഷയുടെ നാമ്പുകൾസൃഷ്ടിച്ചു..

എന്റെ മുതലാളിയുമായി സംസാരിച്ച അവൻ അയാളുടെ കടുംപിടുത്തത്തിൽ നിരാശനാകുന്നതു ഞാൻ നോക്കിനിന്നു, മടങ്ങുന്ന നേരം ഒന്നുകൂടി എന്നെ നോക്കി അവൻ ആ യമഹ ബൈക്കിൽ എങ്ങോ പോയി മറഞ്ഞു...

ആ ഇടക്ക് തന്നെ രണ്ട് തവണ കൂടി അവൻ എന്നെ വന്നു കണ്ടു പിന്നേ ഒരുപാടു നാൾ ഞാൻ അവനെകണ്ടിട്ടില്ല.

മറ്റുള്ളവരെ പോലെ അവനും ഇനി വരില്ലായിരിക്കും എന്ന് ഞാനും വിചാരിച്ചു.

പക്ഷെ, കുറെ മാസങ്ങൾക്കു ശേഷം നിർത്താതെ മഴപെയ്യുന്ന ജൂലൈ മാസത്തിലെ ഒരു രാത്രിയുടെഅന്ത്യയാമങ്ങളിൽ എപ്പോളോ ഒരു എയർപോർട്ട് ടാക്സി വർക്ഷോപ്പിന് മുൻപിൽ വന്നു നിന്നു. എന്റെ മനസ്സിൽസന്തോഷം നിറച്ചുകൊണ്ട് അവൻ ആ ടാക്സിയിൽ നിന്നും ഇറങ്ങി വർക്ഷോപ്പിലെ പഴയ ഫിലമെന്റ് ബൾബിന്റെഅരണ്ട വെളിച്ചത്തിന് കീഴെ കിടക്കുന്ന എന്നെ റോഡിൽ നിന്നുകൊണ്ട് തന്നെ ഒന്ന് നോക്കി വീണ്ടുംടാക്സിയിൽ കയറി പോയി. അന്ന് പിന്നെ ഞാൻ ഉറങ്ങിയിട്ടില്ല, അവനും ഉറങ്ങിക്കാണില്ല...

പിറ്റേ ദിവസം ദൂരെ നിന്നേ ആ യമഹ ബൈക്കിന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു അതെ അവൻ തന്നെ.. വീണ്ടുംവന്നിരിക്കുന്നു എന്നെ കാണാൻ.. അവൻ വിദേശത്താണെന്നും അവധിക്കു വന്നതാണെന്നും എനിക്ക്മനസ്സിലായി...

അതിനു ശേഷമുള്ള അവന്റെ ഓരോ അവധിക്കാലത്തും ഇത് തുടർന്നു, വർഷങ്ങളോളം....

എന്റെ ഉടമയോട് എനിക്ക് വില പറഞ്ഞ അവൻ നിരാശനായി മടങ്ങുന്നത് പലതവണ ഞാൻ കണ്ടു. എന്നാലും ഓരോ അവധിയും അവൻ മൂന്നും നാലും അഞ്ചും തവണ എന്നെ കാണാൻ വന്നിരുന്നു, ഓരോ വർഷവും എന്റെവിലയും കൂടിക്കൊണ്ടേ ഇരുന്നു.

2018 വരെ അവന്റെ ഓരോ അവധികാലവും ഇത് തന്നെ തുടർന്നു...

ഇടയിൽ എന്നോ ഒരു ദിവസം മകനെയും കൊണ്ട് അവൻ എന്നെ കാണാൻ വന്നു അഞ്ച് - ആറു വയസ്സുള്ള ഒരുകുസൃതി പയ്യൻ അവൻ എന്നെ കണ്ട മാത്രയിൽ  "ഫിൽമോർ" എന്ന് വിളിച്ചു തുള്ളിചാടി.. എനിക്കൊന്നുംമനസ്സിലായില്ല.. അവൻ, ആ കൊച്ചു മനസ്സിന്റെ ആഹ്ലാദത്തിൽ അന്ന് വിളിച്ച ആ പേര് ഞാൻ സ്വയം സ്വീകരിച്ചു. അവന്റെ ഇഷ്ടപ്പെട്ട ഏതോ കാർട്ടൂൺ പരമ്പരയിലെ എന്റെ ജനുസ്സിൽ പെട്ട ഒരു കഥാപാത്രത്തിന്റെ പേരാണ്പോലും, എന്തായാലും എനിക്കും അതിഷ്ടപ്പെട്ടു.

വിരസമായ ഒരുപാടു ദിനരാത്രങ്ങൾ പതിവിന് വിപരീതമായി മാർച്ചുമാസത്തിലെ ഒരു പകലിൽ പാഞ്ഞുപോകുന്നഎയർപോർട്ട് ടാക്സിയിൽ എന്നെ നോക്കികൊണ്ട് അവിടെ ഇറങ്ങാതെ, ഒന്ന് ചിരിക്കാതെ അവൻ പോയി.. എന്തോ എനിക്ക് വിഷമമായി, പിറ്റേന്ന് രാവിലെ അവനെ പ്രതീക്ഷിച്ച ഞാൻ നിരാശനായി. മൂന്ന് നാലുദിവസത്തിന് ശേഷം ഷേവ് ചെയ്യാത്ത ചിരിക്കാത്ത മുഖവുമായി ആദ്യമായി അവൻ എന്നെ കാണാൻ വന്നു,

ഇത്തവണ അവൻ അവന്റെ അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ വന്നതായിരുന്നു എന്ന് വിഷമത്തോടെ ഞാൻ അറിഞ്ഞു. ആ ചെറിയ അവധികാലത്തിന്റെ അവസാന നാളിലും എന്നെ കാണാൻഅവൻ വന്നു. എന്റെ മുതലാളിയുമായി സംസാരിച്ച അവന്റെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു  "നിന്നെഞാൻ ഇവിടെ നിന്നും കൊണ്ടുപോകും" അന്ന് മടങ്ങുന്ന നേരത്ത് തികഞ്ഞ നിശ്ചയദാർഢ്യത്തോടെ അവൻഎന്നോട് മന്ത്രിച്ചു. ആ വാക്കുകൾ എന്റെ ചെവിയിൽ പ്രതിധ്വാനിച്ചുകൊണ്ടേയിരുന്നു. ആ നിമിഷം മുതൽഎന്നിൽ സന്തോഷം തിരയടിക്കാൻ തുടങ്ങി.

കുറച്ചു നാളുകൾക്ക് ശേഷം

2019 ലെ ജൂലൈ മാസത്തിലെ ഒരു പുലർകാലം, നിരാശയും സങ്കടവും നിറഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുഅവസാനം കുറിച്ച് ഊരി വെച്ചിരുന്ന ചക്രങ്ങൾ എന്നിൽ വീണ്ടും ഘടിപ്പിച്ചു.  എന്നെ പതുക്കെ തള്ളിപുറത്തിറക്കി. അതെ.... അന്ന് എന്നോട് മന്ത്രിച്ച പോലെ അവൻ എന്നെ സ്വന്തമാക്കിയിരിക്കുന്നു.

പഴയ പോലെ വീണ്ടും കാടും മലകളും കടൽ തീരവും എല്ലാം കണ്ടു ഓടിനടക്കാൻ കൊതിയാവുന്നു. എന്നെകെട്ടിവലിച്ചു കൊണ്ടുപോകാൻ ട്രക്ക് വന്നു, പോകാൻ റെഡിയായി ഞാനും..അന്നും മഴ പെയ്യുന്നുണ്ടായിരുന്നു....

എന്നെ ആദ്യം കൊണ്ടുപോയത് ഒരു കാർ വാഷിലേക്കായിരുന്നു, ദേഹത്തുള്ള ചെളിയും പൊടിയും എല്ലാം കഴുകികളഞ്ഞു. ഇത്രയും നാളത്തെ കിടപ്പ് എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു, എങ്കിലും എന്റെ ഏതാനും ചെറിയപാർട്സുകൾ മാറി പുതിയത് വെച്ചശേഷം കുറച്ചു സമയത്തെ ശ്രമത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പുനർജ്ജന്മത്തിന്റെ തുടക്കംകുറിച്ച് എന്നിലെ ഹൃദയം സ്റ്റാർട്ടായി. കൈവിട്ടു പോയെന്നു വിശ്വസിച്ച ജീവിതംതിരിച്ചു കിട്ടിയ ഞാൻ ആഹ്ലാദത്താൽ മതിമറന്നു. 

ശേഷം എല്ലാം വേഗത്തിലായിരുന്നു എനിക്ക് വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പാർട്സുകൾവരുത്തിച്ചു. നഷ്ടപ്പെട്ടു തുടങ്ങിയിരുന്ന എന്റെ ആകാരം വീണ്ടെടുത്ത് മുഖം മിനുക്കലും, മറ്റു സുന്ദരമാറ്റങ്ങൾക്കുമായി അങ്ങ് ദൂരെയുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് കൊണ്ട് പോയി. കൊറോണ എന്നമഹാമാരിയുടെ താണ്ഡവത്തിൽ കുറെ അധികം ദിവസങ്ങൾ വൈകിയാലും മുപ്പതോളം മാസങ്ങൾ നീണ്ടപരിശ്രമത്തിനോടുവിൽ പുതിയ നിറങ്ങളും ഉടയാടകളുമായി ഞാൻ ഇപ്പോൾ പുതിയ ജീവിതംആരംഭിച്ചിരിക്കുന്നു...

Fillmore 02

കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.....

ഇന്ന് ഞാൻ സന്തോഷവാനാണ്.

കൊച്ചിൻ എയർപോർട്ടിലെ പ്രീ പെയ്ഡ് ടാക്സി അവനെയും ഭാര്യയെയും ആ കൊച്ചു കുസൃതി പയ്യനെയുംകൊണ്ട് ഈ വീടിന്റെ മുറ്റത്തു വന്നു നിൽക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാൻ...

നിർത്താതെ മഴ പെയ്യുന്ന... മറ്റൊരു ജൂലൈമാസ അവധിക്കാലത്തിനായി...

സ്നേഹപൂർവ്വം

ഫിൽമോർ

എഴുത്ത്: ജഗദീഷ് ചിരുകണ്ടത്ത്

Related Posts