തെരുവുനായ ആക്രമണം; സുപ്രീംകോടതി ഉത്തരവ് 28ന്

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. നായ്ക്കളെ എന്തുചെയ്യണമെന്നത് സംബന്ധിച്ച് ഈ മാസം 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ പ്രശ്നം സംബന്ധിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഇടക്കാല ഉത്തരവ് എന്തായിരിക്കണമെന്നത് സംബന്ധിച്ച് കേസിലെ കക്ഷികള്‍ക്ക് മൂന്നു പേജില്‍ കവിയാതെ എഴുതി നല്‍കാനും പുതിയ ഹര്‍ജിക്കാര്‍ക്ക് കക്ഷിചേരാനും അനുമതി നല്‍കി. മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമം പാലിക്കുന്നതിന്‍റെയും ജനങ്ങളുടെ പ്രയാസങ്ങൾ കണക്കിലെടുത്തതിന്‍റെയും അടിസ്ഥാനത്തിലാണ് പരിഹാരം ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവയെ പ്രത്യേക കേന്ദ്രത്തിലോ മറ്റോ ആക്കാം. അതിന്‍റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം. എന്നാല്‍, മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുമ്പോഴും മറ്റും വലിയ എതിര്‍പ്പുണ്ടാവാനിടയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സെല്‍ സി.കെ. ശശിയും ആവശ്യപ്പെട്ടു. വാക്സിൻ സ്വീകരിച്ച കുട്ടി പോലും മരിച്ചെന്നും കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ബിജു ചൂണ്ടിക്കാട്ടി. സിരിജഗൻ കമ്മിറ്റിയിൽ നിന്ന് റിപ്പോർട്ട് തേടണമെന്ന ബിജുവിന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

Related Posts