കൊടുങ്ങല്ലൂരിൽ കർശന നിയന്ത്രണം; കോട്ടപ്പുറം ചന്തയിൽ പരിശോധന ക്യാമ്പ്
കൊടുങ്ങല്ലുർ:
കൊടുങ്ങല്ലൂർ നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ അധികൃതർ. ഇതിൻ്റെ ഭാഗമായി കോട്ടപ്പുറം ചന്തയിൽ വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ഷോപ്പിലെ ജീവനക്കാർ എന്നിവർക്കായി ജൂലൈ 29ന് പരിശോധന ക്യാമ്പ് നടത്തും. നഗരസഭ ഹാളിൽ വിളിച്ചു ചേർത്ത വ്യാപാരി- തൊഴിലാളി സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
കോട്ടപ്പുറം ചന്തയിൽ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ ചന്തയിൽ പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരുടെ കർശന നിരീക്ഷണമുണ്ടാകും. മാർക്കറ്റിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിലും മാർക്കറ്റിനോട് ചേർന്ന വാർഡുകളിൽ രോഗികളടെ എണ്ണം വർദ്ധിച്ചതിനാലുമാണിത്.
വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ഷോപ്പിലെ ജീവനക്കാർ എന്നിവരോടൊപ്പം ജൂലൈ 29ന് നടക്കുന്ന ക്യാമ്പിൽ ചന്തയിൽ സാധനങ്ങൾ വാങ്ങുവാൻ എത്തുന്ന ചില്ലറ കച്ചവടക്കാരും പരിശോധനക്ക് വിധേയരാകണം. പരിശോധന സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കും. മാർക്കറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കുവാൻ പാടുള്ളൂ. കയറ്റിറക്കും രണ്ട് മണിക്ക് അവസാനിപ്പിക്കണം. മറ്റ് ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു. കടകളിൽ ഒരേ സമയം മൂന്ന് പേരിൽ കൂടുതൽ പ്രവേശിക്കുവാൻ പാടില്ല. മാർക്കറ്റിലെ കടകളിൽ നിർബന്ധമായും സാനിറ്റൈസർ, സന്ദർശകരുടെ ലിസ്റ്റ് എന്നിവ ഉണ്ടായിരിക്കണം. സ്ഥാപനങ്ങളിൽ ആരെങ്കിലും പോസിറ്റീവ് ആയാൽ ആ സ്ഥാപനം രണ്ട് ദിവസം അടച്ചിട്ട് തുടർന്ന് അണുനശീകരണം നടത്തി മാത്രമെ തുറക്കാവൂ. കടയിൽ വന്ന് അവരുമായി സമ്പർക്കമുണ്ടായവർ നിർബന്ധമായും ക്വാറന്റയിനിൽ പോകേണ്ടതാണ്.
സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ ലോക്‌ഡൗൺ വ്യവസ്ഥകൾ കർശനമായി പാലിക്കണം. പലചരക്ക്, പച്ചക്കറി, പഴങ്ങൾ, ബേക്കറി, ഉണക്ക മീൻ തുടങ്ങിയ കടകൾ മാത്രമെ പ്രവർത്തിക്കാൻ പാടുളളൂ.നിയന്ത്രണങ്ങൾ ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പേരിൽ കേസെടുക്കുകയും തുടർന്നും ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, നഗരസഭ സെക്രട്ടറി എസ് സനൽ, തഹസിൽദാർ കെ.രേവ, പൊലീസ് എസ് ഐ തോമസ്, സെക്ടറൽ മജിസ്ട്രേറ്റ് കെ ബി ശുഭദ, വിവിധ ജനപ്രതിനിധികൾ, വ്യാപാരി -തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.