കോളേജുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി ഡോ. ആര്‍ ബിന്ദു

പഠനത്തിനൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കാളികളാവണം

പഠനത്തോടൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ കോളേജുകള്‍ മാറിവരികയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. അതിനുതകുന്ന പദ്ധതികള്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും ശ്രീ സി അച്യുതമേനോന്‍ ഗവ കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

ഗവേഷണത്തിനൊപ്പം ഉല്‍പ്പാദനാത്മകമായ പ്രവര്‍ത്തനങ്ങളും കലാലയങ്ങളില്‍ നടക്കണം. അതിന് പ്രതിഭാധനരായ അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് കോളേജുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പഠന സമയം രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയാക്കി ദീര്‍ഘിപ്പിച്ചു. ക്ലാസ്സ് സമയം പഴയതു പോലെ തുടരുമെങ്കിലും അധിക സമയം ലാബുകളിലും ലൈബ്രറികളിലും ചെലവഴിക്കാന്‍ കഴിയുന്ന രീതിയിലാവും ക്രമീകരിക്കുക. അധ്യാപക, വിദ്യാര്‍ഥി സമൂഹവുമായി കൂടിയാലോചന നടത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കാലത്തിനനുസരിച്ച മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കലാലയങ്ങള്‍ക്ക് കഴിയണം. സര്‍ക്കാര്‍ കോളേജുകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താന്‍ അക്കാദമിക സമൂഹം മുന്നിട്ടിറങ്ങണം. ക്ലാസ്സ് മുറികള്‍ക്കകത്തെ ഏകപക്ഷീയമായ ഭാഷണങ്ങളായി കോളേജ് ക്ലാസ്സുകള്‍ മാറുന്നതിനു പകരം ചെയ്തുപഠിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പടണം. പാഠ്യപദ്ധതികളിലൂന്നിയ പഠനത്തിനു പകരം വിദ്യാര്‍ഥികളെ സ്വയം പഠിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണ് പുതിയ കരിക്കുലം ആസൂത്രണം ചെയ്യുന്നത്. വ്യവസായ സ്ഥാപനങ്ങളും അക്കാദമിക സ്ഥാപനങ്ങളും തമ്മില്‍ മികച്ച ബന്ധം സ്ഥാപിച്ചെടുക്കാനാവണം. നൈപുണ്യ വികസനം ശക്തിപ്പെടുത്തുന്ന രീതിയില്‍ അസാപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. അടുത്ത വര്‍ഷം മുതല്‍ ബിരുദ പഠനം നാലു വര്‍ഷമാക്കുന്നതോടെ തൊഴില്‍ പരിശീലനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സഹകരിച്ച് കോളേജിന്റെ പുരോഗതിക്കായി ഒരു വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. അതിനായി ഒരു കലാലയ വികസന സമിതി രൂപീകരിക്കണം. കോളേജിന്റെ സുവര്‍ണ ജൂബിലി സ്മാരക കെട്ടിടം നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കോളേജ് അധികൃതര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും മന്ത്രി അറിയിച്ചു.

ശ്രീ സി അച്യുതമേനോന്‍ ഗവ കോളേജ് സുവര്‍ണ ജൂബിലി സമാപന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എ കെ സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു വാക, ബിജേഷ്, പ്രദീപ് നാരായണന്‍, ഡോ. ടി ഉണ്ണികൃഷ്ണന്‍, ബോധ്യം ടീം എന്നിവരെ ആദരിച്ചു. ഡോ. എന്‍ എ ജോമോന്‍, ജോസ് പൊന്തൊക്കന്‍, കെ ഡി അപ്പച്ചന്‍, കെ കെ കിരണ്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍ സ്വാഗതവും ഡോ. പി എസ് മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

Related Posts