മനസ്സിന് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നത് തലച്ചോറിൻ്റെ മൃദുത്വം കൂട്ടുമെന്ന് പഠനം

മ്യൂസിക് തെറാപ്പിക്ക് കൂടുതൽ ആധികാരികത നൽകുന്ന പഠനഫലം പുറത്തുവന്നു. മനസ്സിന് ഇഷ്ടപ്പെട്ട സംഗീതം ശ്രവിക്കുന്നതുവഴി തലച്ചോറിൻ്റെ പ്ലാസ്റ്റിസിറ്റി അഥവാ പശിമ വർധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ജേണൽ ഓഫ് അൽഷിമേഴ്സ് ഡിസീസിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ടൊറന്റോ യൂണിവേഴ്സിറ്റിയിലെയും യൂണിറ്റി ഹെൽത്തിലെയും ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. വ്യക്തിപരമായി ഇഷ്ടപ്പെട്ട, അർത്ഥവത്തായ സംഗീതം ആവർത്തിച്ച് കേൾക്കുന്നത് തലച്ചോറിൻ്റെ മൃദുത്വം വർധിപ്പിക്കും. നേരിയ തോതിൽ വൈജ്ഞാനിക വൈകല്യമുള്ളവർക്കും അൽഷിമേഴ്സിൻ്റെ തുടക്കത്തിലുള്ളവർക്കും ഇത് ഏറെ പ്രയോജനകരമാവും. അൽഷിമേഴ്സ് രോഗികളിൽ മസ്തിഷ്കത്തിൻ്റെ പ്ലാസ്റ്റിസിറ്റി കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

"വളരെ ലളിതമാണ് ഇക്കാര്യം. ജീവിതകാലം മുഴുവൻ നിങ്ങൾ ഇഷ്‌ടപ്പെടുന്ന സംഗീതം കേൾക്കുക. നിങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ, പ്രത്യേകിച്ചും അതിലെ അർത്ഥവത്തായ ഭാഗങ്ങൾ കേട്ടുകൊണ്ടേയിരിക്കുക. അത് തലച്ചോറിനുള്ള വ്യായാമമാണ്,"

ഗവേഷണ സംഘാംഗവും ടൊറൻ്റോ സെൻ്റ് മൈക്കേൽ ഹോസ്പിറ്റൽ ജെറിയാട്രിക് സൈക്യാട്രി വിഭാഗം ഡയറക്റ്ററുമായ ഡോ. കോറിന്നെ ഫിഷർ അഭിപ്രായപ്പെട്ടു.

Related Posts