സ്പുട്നിക് 5 ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം
റഷ്യൻ നിർമിത കൊവിഡ് വൈറസ് വാക്സിനായ സ്പുട്നിക് 5 ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് ഗവേഷകർ. ഫൈസർ വാക്സിനേക്കാൾ രണ്ടിരട്ടി വൈറസ് ന്യൂട്രലൈസിങ്ങ് ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ സ്പുട്നിക് 5-ന് കഴിയുമെന്നാണ് ഒരു പ്രീപ്രിന്റ് പഠനത്തെ അടിസ്ഥാനമാക്കി ഡെവലപ്പർമാർ അവകാശപ്പെടുന്നത്. മോസ്കോയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻ്റ് മൈക്രോ ബയോളജിയാണ് വാക്സിൻ്റെ നിർമാതാക്കൾ. ഇന്ത്യയിൽ ഇത് നിർമിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്.
ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷ്യസ് ഡിസീസസും മോസ്കോയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻ്റ് മൈക്രോ ബയോളജിയും സംയുക്തമായാണ് ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള വാക്സിൻ്റെ കാര്യക്ഷമതയെപ്പറ്റി സ്വതന്ത്ര താരതമ്യ പഠനം നടത്തിയത്.
സ്പുട്നിക് 5 രണ്ട് ഡോസ് എടുത്തവരിൽ ഫൈസർ വാക്സിൻ എടുത്തവരേക്കാൾ 2 മടങ്ങ് കൂടുതൽ ആൻ്റിബോഡികൾ കണ്ടെത്തി. മൊത്തം 2.1 മടങ്ങ് കൂടുതലും വാക്സിൻ എടുത്ത് 3 മാസത്തിന് ശേഷം 2.6 മടങ്ങ് കൂടുതലും ന്യൂട്രലൈസിങ്ങ് ആന്റിബോഡികൾ ആണ് കണ്ടെത്തിയതെന്ന് വാക്സിൻ നിർമാതാക്കളായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും പ്രസ്താവനയിൽ പറഞ്ഞു.