എം.സി. റോഡ് നാലുവരിയാക്കാനുള്ള സാധ്യതാപഠനം തുടങ്ങി
തിരുവനന്തപുരം: കേശവദാസപുരം മുതൽ എറണാകുളം അങ്കമാലി വരെ ആറ് ജില്ലകളിലൂടെ കടന്നുപോകുന്ന എം.സി റോഡ് നാലുവരിപ്പാതയാക്കും. 240.6 കിലോമീറ്റർ റോഡ് വികസനത്തിന് ഫണ്ട് വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ എം.സി റോഡ്, കൊല്ലം-ചെങ്കോട്ടൈ റോഡ് എന്നിവയുടെ നാലുവരിപ്പാതയ്ക്കായി 1,500 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകി. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കും. സർക്കാരിന്റെ അനുമതിയോടെ പൊതുമരാമത്ത് വകുപ്പ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. സാധ്യതാ പഠനം, വിശദമായ പ്രോജക്ട് റിപ്പോർട്ട്, ട്രാഫിക് സർവേ എന്നിവ നടത്താൻ പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇതിനായി 2.25 കോടി രൂപ റീജിയണൽ ഇന്‍വെസ്റ്റിഗേഷന്‍ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിക്ക് കൈമാറി. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ നടത്തും. സംസ്ഥാനത്തെ 20 ജംഗ്ഷനുകളുടെ വികസനത്തിന് 200 കോടി രൂപയും ആറ് ബൈപ്പാസുകളുടെ നിർമ്മാണത്തിന് 200 കോടി രൂപയും ഭരണാനുമതി നൽകി.