ഒമിക്രോണിനെ ചെറുക്കാൻ നാലാം ഡോസും പര്യാപ്തമല്ലെന്ന് പഠനം

അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തെ ചെറുക്കാൻ വാക്സിൻ്റെ നാലാം ഡോസിനും കഴിയില്ലെന്ന് പഠനം. നാലാമത്തെ ഡോസിന് മൂന്നാമത്തെ ഡോസിനെക്കാൾ അധികം ആന്റിബോഡി ഉത്പാദിക്കാൻ കഴിയുമെങ്കിലും ഒമിക്രോൺ വകഭേദത്തെ ചെറുക്കാൻ മാത്രം അത് പര്യാപ്തമല്ലെന്നാണ് പഠനം പറയുന്നത്. ഇസ്രയേലിലെ ഷീബ മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.
സംയോജിത വാക്സിനുകൾ ഉപയോഗിച്ച് നാലാമതൊരു ബൂസ്റ്റർ ഡോസ് നൽകുന്നതിനെപ്പറ്റിയുള്ള ലോകത്തിലെ ആദ്യത്തെ പരീക്ഷണമാണ് ഇസ്രയേലിൽ നടന്നത്. കണ്ടെത്തലുകൾ പ്രാഥമികമാണെന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി.
ഗവേഷണത്തിൽ പങ്കാളികളായ 150 പേർക്ക് ബയോൺടെക്-ഫൈസർ വാക്‌സിന്റെ നാലാമത്തെ ഡോസാണ് നൽകിയത്. 120 പേർക്ക് മോഡേണയുടെ നാലാം ഡോസും നൽകി. മൂന്നാമത്തെ ഡോസായി എല്ലാവർക്കും കൊടുത്തത് ബയോൺടെക്-ഫൈസർ വാക്സിനാണ്. നാലാമത്തെ ഡോസ് എടുക്കാത്ത ഒരു കൺട്രോൾ ഗ്രൂപ്പുമായാണ് ഇവരെ താരതമ്യം ചെയ്തത്.