പഠിക്കുന്നത് ഒരേയൊരു വിദ്യാർത്ഥി; കാർത്തിക്കിന് മാത്രമായി തുറന്ന് മഹാരാഷ്ട്രയിലെ സ്കൂൾ
മഹാരാഷ്ട്ര : വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മൂലം അടച്ചുപൂട്ടേണ്ടി വന്ന നിരവധി സ്കൂളുകളുണ്ട്. ഇവിടെയാണ് ഒരേയൊരു വിദ്യാർത്ഥിക്കായി തുറന്നു പ്രവർത്തിക്കുന്ന മഹാരാഷ്ട്രയിലെ ഒരു വിദ്യാലയം ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂരെന്ന ചെറുഗ്രാമത്തിലാണ് സ്കൂൾ ഉള്ളത്. 150 പേർ മാത്രം അധിവസിക്കുന്ന ഗ്രാമത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ജില്ലാ പരിഷത്ത് സ്കൂൾ ഉണ്ടെങ്കിലും, ഒരേയൊരു വിദ്യാർത്ഥി മാത്രമാണ് ഗ്രാമത്തിൽ നിന്നും സ്കൂളിലെത്തുന്നത്. ഒന്നു മുതൽ നാല് വരെ പഠിക്കേണ്ട പ്രായത്തിലുള്ള ഒരു കുട്ടി മാത്രമാണ് ഗ്രാമത്തിൽ ഉള്ളതെന്നതാണ് കാരണം. കാർത്തിക് ഷോഗോകർ എന്ന വിദ്യാർത്ഥി മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. കാർത്തിക്കിനെ പഠിപ്പിക്കാനായി മാത്രം 12 കിലോമീറ്റർ സഞ്ചരിച്ചെത്തുന്ന കിഷോർ മങ്കർ എന്ന അധ്യാപകനെയും സ്കൂളിൽ കാണാം. എന്നും പ്രാർത്ഥനക്കും അസംബ്ലിക്കും ശേഷം കാർത്തിക്കിന്റെ ക്ലാസ്സ് ആരംഭിക്കും. വൈകുന്നേരം ഇരുവരും ചേർന്ന് ദേശീയഗാനം ആലപിച്ച് ക്ലാസ്സ് അവസാനിപ്പിക്കുകയും ചെയ്യും.