സബ് ഇൻസ്‌പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക് സ്റ്റേ
കൊച്ചി: പൊലീസ് സബ് ഇൻസ്‌പെക്ടർ (സിവിൽ, ആംഡ്) നിയമനത്തിന് നവംബർ 22ന് നടത്താനിരുന്ന മുഖ്യപരീക്ഷ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തു. ഈ പരീക്ഷക്ക് വേണ്ടി തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്ത ചില ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് കെ.എ.ടി സ്റ്റേ അനുവദിച്ചത്. ഇതിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ അപ്പീൽ നൽകും. വെള്ളിയാഴ്ച ഹൈക്കോടതി അപ്പീൽ പരിഗണിച്ചേക്കും. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റാണെന്നും അതിനാൽ തങ്ങളെയും പരീക്ഷയെഴുതിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പരീക്ഷ നടത്തുന്നത് തടയണമെന്ന് ഹർജിക്കാർപോലും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സിയുടെ അപ്പീൽ.