പെഗാസസ് വിവാദത്തെ വാട്ടർഗേറ്റ് സംഭവത്തോട് ഉപമിച്ച് സുബ്രഹ്മണ്യൻ സ്വാമി
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രീം കോടതിവിധിയെ അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വാട്ടർഗേറ്റ് വിവാദത്തോട് ഉപമിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഫോൺ ചോർത്തൽ വിവാദത്തിൽ ഒളിച്ചുവെയ്ക്കാനുള്ള ശ്രമങ്ങൾ പാർട്ടിക്ക് കൂടുതൽ ദോഷകരമായി തീരുമെന്നും നഷ്ടങ്ങൾ കുറയ്ക്കാനാണ് തൻ്റെ ഉപദേശമെന്നും സ്വാമി ട്വീറ്റ് ചെയ്തു. പാർട്ടിക്ക് ദോഷകരമായ പരാമർശങ്ങൾ കൊണ്ട് അടുത്തകാലത്തായി നിരന്തരം തലവേദന സൃഷ്ടിക്കുന്ന സ്വാമിയെ ദേശീയ നിർവാഹക സമിതിയിൽനിന്ന് ബിജെപി ഒഴിവാക്കിയിരുന്നു. ഒഴിവാക്കലിനെ തുടർന്ന് തൻ്റെ ട്വിറ്റർ ബയോയിൽനിന്ന് ബിജെപി ബന്ധം എടുത്തുകളഞ്ഞതും ദേശീയ തലത്തിൽ വാർത്തയായിരുന്നു.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവമാണ് വാട്ടർഗേറ്റ് വിവാദം. ഡെമോക്രാറ്റിക് പാർട്ടിയുടെ കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന വാഷിങ്ങ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്സിൽ കയറി എതിർപാർട്ടിക്കാരുടെ ഫോൺ ചോർത്തിയ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ പിടിയിലാവുന്നതോടെയാണ് ലോകം മുഴുവൻ ചർച്ചചെയ്യപ്പെട്ട വാട്ടർഗേറ്റ് വിവാദം അരങ്ങേറുന്നത്. ഫോൺ ചോർത്താനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുത്തിരുന്നു. മാസങ്ങൾക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ വിജയിച്ചത് എതിർ പാർട്ടിക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെടുത്താണ് എന്ന ആരോപണമാണ് ഉയർന്നത്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഇംപീച്ച്മെൻ്റിലേക്കും അതിൻ്റെ ഫലം കാക്കാൻ നിക്കാതെയുള്ള അദ്ദേഹത്തിൻ്റെ രാജിയിലേക്കും നയിച്ച സംഭവ വികാസങ്ങളോടാണ് ബിജെപി നേതാവു കൂടിയായ സുബ്രഹ്മണ്യൻ സ്വാമി പെഗാസസ് വിവാദത്തെ താരതമ്യം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.