തിരുവനന്തപുരം മേയർ ആര്യയുടെ മിന്നൽ പരിശോധന; മ്യൂസിയത്തിലെ ടോയ്‌ലെറ്റുകളിൽ

മേയർ ആര്യ രാജേന്ദ്രൻ മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം മ്യൂസിയത്തിലെത്തി മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെയായിരുന്നു മേയറുടെ സന്ദർശനം. മ്യൂസിയത്തിലെ സുലഭ് ടോയ്‌ലെറ്റുകളിലെത്തുന്ന പെൺകുട്ടികളോട് ജീവനക്കാർ മോശമായി പെരുമാറുകയും ബാക്കി പണം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ടോയ്‌ലെറ്റുകളിലെത്തുന്നവരിൽ നിന്നും ഇത്തരം പരാതികൾ തുടർച്ചയായി ഉണ്ടാവുകയാണെന്നും ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്മെന്റിന് കത്തയയ്ക്കുമെന്നും മേയർ പറഞ്ഞു.

ഉച്ചയ്‌ക്ക് ഒന്നരയോടെ മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള ടോയ്‌ലെറ്റിലാണ് മേയർ ആദ്യമെത്തിയത്. അവിടെയുണ്ടായിരുന്ന സ്‌ത്രീകളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എത്ര രൂപയാണ് വാങ്ങിയതെന്നും അന്വേഷിച്ചു. ഇവരുടെ മറുപടി തൃപ്‌തികരമല്ലാത്തതിനാൽ മേയർ അടിയന്തരമായി മ്യൂസിയം ഡയറക്‌ടറെ കാണണമെന്ന് അവിടെയുണ്ടായിരുന്ന ഗാർഡുകളോട് ആവശ്യപ്പെടുകയും ചെയ്തു.

സുലഭ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് ആരും മ്യൂസിയത്തിലേക്ക് വരാറില്ലെന്ന് മൃഗശാല ജീവനക്കാർ മേയറെ അറിയിച്ചു. ദുർഗന്ധം ഉയരുമ്പോൾ മാത്രമാണ് അവർ ഇവിടെയെത്തി വൃത്തിയാക്കുന്നതെന്നും മൃഗശാല ജീവനക്കാർ പറഞ്ഞു. സുലഭിനെതിരെ നേരിട്ട് നടപടി സ്വീകരിക്കാൻ നഗരസഭയ്‌ക്ക് പരിമിതിയുള്ളതിനാൽ ടോയ്‌ലെറ്റുകൾ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മ്യൂസിയം ഡയറക്‌ടർക്ക് നിർദ്ദേശം നൽകുമെന്ന് മേയർ വ്യക്തമാക്കി.

Related Posts